‘ദുരൂഹ രോഗം’ ബാധിച്ചവരിൽ ന്യൂറോടോക്‌സിൻ, പാക് അതിർത്തി ഗ്രാമത്തിൽ സൈന്യത്തെ വിന്യസിച്ചു

ന്യൂഡൽഹി: പാക് അതിർത്തിയായ ജമ്മു കശ്‌മീരിലെ രജൗരിയിൽ ‘ദുരൂഹ രോഗം’ ബാധിച്ച് 16 പേർ മരിച്ച സംഭവത്തിൽ കൂടുതൽ ആശങ്ക. രോഗത്തിന് കാരണം വിഷപ്രയോഗമാണോ എന്ന സംശയം നിലനിൽക്കെ രോഗബാധിതരിൽ ന്യൂറോടോക്‌സിൻ കണ്ടെത്തി. നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമാണ് ന്യൂറോടോക്‌സിൻ. ഇതേ തുടർന്ന് ഗ്രാമത്തിൽ സൈന്യത്തെ വിന്യസിച്ചു.
മരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംയുക്തസംഘത്തെ കേന്ദ്രസർക്കാർ ശനിയാഴ്‌ച നിയോഗിച്ചിരുന്നു. ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരാണ് സംഘത്തിന് നേതൃത്വം നൽകുക. ആരോഗ്യം-കുടുംബക്ഷേമം, കൃഷി, ജലവിഭവം, രാസവസ്‌തു-വളം മന്ത്രാലയങ്ങളിലെ വിദഗ്‌ധരാണ് മറ്റ് അംഗങ്ങൾ.
രജൗരിയിലെ ബുധാൽ ഗ്രാമത്തിൽ 45 ദിവസത്തിനിടെ പരസ്‌പര ബന്ധമുള്ള മൂന്ന് കുടുംബങ്ങളിലെ 16 പേരാണ് മരിച്ചത്. മരണങ്ങൾക്ക് പിന്നിൽ വിഷപ്രയോഗമാണോയെന്ന സംശയം ശക്തമായിരുന്നു. മരിച്ചവരിൽ 12 പേർ കുട്ടികളാണ്. ഡിസംബർ ഏഴിന് ഗ്രാമത്തിൽ സമൂഹ സദ്യ കഴിച്ച ഒരു കുടുംബത്തിലെ അംഗങ്ങളാണ് ‘ദുരൂഹ രോഗത്തിന്’ ഇരയായത്.









0 comments