ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മുഗൾ ചരിത്രം ഒഴിവാക്കി എൻസിഇആർടി

ന്യൂഡൽഹി: മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി എൻസിഇആർടി. ഏഴാം ക്ലാസിലെ സാമൂഹിക പാഠ പുസ്തകത്തിൽനിന്നാണ് അധ്യായം ഒഴിവാക്കിയത്. കഴിഞ്ഞ വർഷം വരെ, ഏഴാം ക്ലാസ് വിദ്യാർഥികൾ സാമൂഹിക ശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമായി മുഗൾ രാജാക്കന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ച് പഠിച്ചിരുന്നു. എന്നാൽ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം പുതുക്കിയ എൻസിഇആർടി പുസ്തകങ്ങളിലാണ് ഈ രണ്ട് അധ്യായങ്ങളും ഒഴിവാക്കിയത്.
ആ അധ്യായങ്ങൾക്ക് പകരം മഗധ, മൗര്യ, ശുംഗ, ശതവാഹന തുടങ്ങിയ രാജവംശങ്ങളെക്കുറിച്ചുള്ള പുതിയ അധ്യായങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഈ വർഷം നടന്ന കുംഭമേളയെക്കുറിച്ചുള്ള പരാമർശങ്ങളും പുസ്തകത്തിലുണ്ട്. ജനപദം (ആളുകൾ സ്ഥിരതാമസമാക്കിയ സ്ഥലം), സമരാജ് (പരമോന്നത ഭരണാധികാരി), അധീരരാജ (അധിപൻ), രാജാധിരാജ (രാജാക്കന്മാരുടെ രാജാവ്) എന്നിങ്ങനെ വിവിധ അധ്യായങ്ങളിൽ നിരവധി സംസ്‌കൃത പദങ്ങളും കാണാം.

ഗ്രീക്കുകാരെക്കുറിച്ചുള്ള വിശദമായ ഭാഗങ്ങളും പുതുക്കിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (2020) പ്രകാരം എൻസിഇആർടി നവീകരിച്ച ഏഴാം ക്ലാസ് പാഠപുസ്തകമായ 'എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്, പാർട്ട്-1 എന്ന പുസ്തകത്തിലാണ് ചിലഭാഗങ്ങൾ ഒഴിവാക്കുകയും പുതിയവ ഉൾച്ചേർക്കുകയും ചെയ്തത്.
2022–23 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് സിലബസ് കുറയ്ക്കുന്നതിന്റെ ഭാഗമായി മുഗൾ ചക്രവർത്തിമാരുടെ നേട്ടങ്ങളെക്കുറിച്ചുള്ള രണ്ട് പേജുള്ള പട്ടിക, മാംലൂക്കുകൾ, തുഗ്ലക്കുകൾ, ഖൽജികൾ, ലോദികൾ തുടങ്ങിയ രാജവംശങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ, മുഗൾ രാജാക്കന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള ഭാഗങ്ങൾ തുടങ്ങിയവ എൻസിഇആർടി മുമ്പ് വെട്ടിക്കുറച്ചിരുന്നു. എന്നാൽ പുതിയ പാഠപുസ്തകത്തിൽ അവയെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും പൂർണമായും നീക്കം ചെയ്തിരിക്കുകയാണ്.









0 comments