നാഷണൽ ഹെറാൾഡ് കേസ്: ഡൽഹി കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസ് ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. സ്പെഷ്യൽ ജഡ്ജ് വിശാൽ ഗോഗ്നെയാണ് കേസ് പരിഗണിക്കുന്നത്. യുപിഎ ചെയർപേഴ്‌സൺ സോണിയാ ഗാന്ധിയ്‌ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്‌ക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചിരുന്നു. ഏപ്രിൽ 15നാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സോണിയാ ഗാന്ധിയെ ഒന്നാം പ്രതിയാക്കും. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.
നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ 661 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തിരുന്നു. സോണിയയും രാഹുലും ഉടമസ്ഥരായുള്ള യങ്‌ഇന്ത്യന്റെ സ്വത്തുവകകളാണ് ഇഡി പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കാൻ ഈ സ്വത്ത് മറയാക്കിയെന്ന ഗുരുതര ആക്ഷേപം ഉയർത്തിയാണ് നടപടി. സ്വാതന്ത്ര്യസമര സേനാനികൾ 1938ൽ രൂപീകരിച്ച നാഷണൽ ഹെറാൾഡ് പത്രവും അതിന്റെ സ്വത്തും നിലവിലെ കോൺഗ്രസ് നേതാക്കൾ ധനസമ്പാദനത്തിനായി ദുരുപയോഗിച്ചതാണ് കേസിന് വഴിവച്ചത്.
സ്വാതന്ത്ര്യാനന്തരം നാഷണൽ ഹെറാൾഡ് കോൺഗ്രസ് മുഖപത്രമായി മാറി. അയ്യായിരത്തോളം സ്വാതന്ത്ര്യസമര സേനാനികൾ ഓഹരി ഉടമകളായുള്ള അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡായിരുന്നു നടത്തിപ്പുകാർ. ഡൽഹി ഐടിഓയിലും മുംബൈ ബാന്ദ്രയിലും ലഖ്‌നൗ ബിശ്വേശർനാഥ് റോഡിലും കോടികൾ വിലമതിക്കുന്ന പടുകൂറ്റൻ കെട്ടിടം നാഷണൽ ഹെറാൾഡിനുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടും അഴിമതിയും കാരണം 2008ൽ പത്രം അടച്ചുപൂട്ടി. 90 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. 2010ൽ സോണിയയും രാഹുലും ചേർന്ന് യങ് ഇന്ത്യൻ എന്ന കമ്പനി തുടങ്ങുകയും വെറും അമ്പത് ലക്ഷം രൂപയ്‌ക്ക് അസോസിയേറ്റ് ജേർണൽസിനെ ഏറ്റെടുക്കുകയും ചെയ്‌തു.
ഇതോടെ രണ്ടായിരം കോടി വിലമതിക്കുന്ന നാഷണൽ ഹെറാൾഡിന്റെ ആസ്‌തി സോണിയയുടെയും രാഹുലിന്റെയും സ്വന്തമായി മാറി. അസോസിയേറ്റ് ജേർണൽസിന്റെ ഓഹരി ഉടമാകളായിരുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തുവന്നതോടെയാണ് ഇത് വിവാദമായത്. ഇഡി അന്വേഷണം തടയാൻ ശ്രമിച്ചെങ്കിലും സുപ്രീംകോടതി ഇടപെട്ടു. 2023ൽ തന്നെ സ്വത്തുക്കൾ ഇടി താൽകാലികമായി പിടിച്ചെടുത്തു. പിഎംഎൽഎ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി കൂടി ശരിവച്ചതോടെയാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്.









0 comments