നാഷണൽ ഹെറാൾഡ് കേസ്: ഡി കെ ശിവകുമാറിനും രേവന്ത് റെഡ്ഡിക്കുമെതിരെ ഇ ഡി അന്വേഷണം

രേവന്ത് റെഡ്ഡി, ഡി കെ ശിവകുമാര്‍
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അന്വേഷണ പരിധിയിലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). യുപിഎ ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉടമസ്ഥരായുള്ള യങ് ഇന്ത്യ ലിമിറ്റഡിന് ഇരുവരും വൻതുക സംഭാവന നല്‍കിയെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ശിവകുമാര്‍ 25 ലക്ഷം രൂപ നേരിട്ടും രണ്ടു കോടി രൂപ ട്രസ്റ്റ് വഴിയും നല്‍കിയെന്നും രേവന്ത് റെഡ്ഡിയുടെ നിർദേശ പ്രകാരം നാല് കോൺഗ്രസ് നേതാക്കൾ വഴി 80 ലക്ഷം രൂപയും കമ്പനിയിലെത്തിയെന്നാണ് ഇ ഡി റിപ്പോർട്ട്.
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കള്ളപ്പണ ഇടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡൽഹിയിലെ കോടതിയില്‍ ഇ ഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാഷണൽ ഹെറാൾഡ് പത്രവും അതിന്റെ സ്വത്തും കോൺഗ്രസ് നേതാക്കൾ ധനസമ്പാദനത്തിനായി ദുരുപയോഗിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും 142 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചെന്നുമാണ് ഇ ഡി കോടതിയെ അറിയിച്ചത്. കേസിൽ സോണിയയ്ക്കും രാഹുലിനുമെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഏപ്രിൽ 15നാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിന്റെ തുടർനടപടികളാണ് ഇന്ന് കോടതിയിലുണ്ടായത്. ഇരുവർക്കുമെതിരെ കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് 661 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തിരുന്നു. സോണിയയും രാഹുലും ഉടമസ്ഥരായുള്ള യങ് ഇന്ത്യയുടെ സ്വത്തുവകകളാണ് ഇ ഡി പിടിച്ചെടുത്തത്. സ്വാതന്ത്ര്യസമര സേനാനികൾ 1938ൽ രൂപീകരിച്ച നാഷണൽ ഹെറാൾഡ് പത്രവും അതിന്റെ സ്വത്തും നിലവിലെ കോൺഗ്രസ് നേതാക്കൾ ധനസമ്പാദനത്തിനായി ദുരുപയോഗിച്ചതാണ് കേസിന് വഴിവച്ചത്. സ്വാതന്ത്ര്യാനന്തരം നാഷണൽ ഹെറാൾഡ് കോൺഗ്രസ് മുഖപത്രമായി മാറി. അയ്യായിരത്തോളം സ്വാതന്ത്ര്യസമര സേനാനികൾ ഓഹരി ഉടമകളായുള്ള അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡായിരുന്നു നടത്തിപ്പുകാർ.
ഡൽഹി ഐടിഒയിലും മുംബൈ ബാന്ദ്രയിലും ലഖ്‌നൗ ബിശ്വേശർനാഥ് റോഡിലും കോടികൾ വിലമതിക്കുന്ന പടുകൂറ്റൻ കെട്ടിടം നാഷണൽ ഹെറാൾഡിനുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടും അഴിമതിയും കാരണം 2008ൽ പത്രം അടച്ചുപൂട്ടി. 90 കോടി രൂപയുടെ കട ബാധ്യതയുണ്ടായിരുന്നു. 2010ൽ സോണിയയും രാഹുലും ചേർന്ന് യങ് ഇന്ത്യൻ എന്ന കമ്പനി തുടങ്ങുകയും വെറും അമ്പത് ലക്ഷം രൂപയ്‌ക്ക് അസോസിയേറ്റ് ജേർണൽസിനെ ഏറ്റെടുക്കുകയും ചെയ്‌തു.
ഇതോടെ രണ്ടായിരം കോടി വിലമതിക്കുന്ന നാഷണൽ ഹെറാൾഡിന്റെ ആസ്‌തി സോണിയയുടെയും രാഹുലിന്റെയും സ്വന്തമായി മാറി. അസോസിയേറ്റ് ജേർണൽസിന്റെ ഓഹരി ഉടമാകളായിരുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തുവന്നതോടെയാണ് ഇത് വിവാദമായത്. ഇഡി അന്വേഷണം തടയാൻ ശ്രമിച്ചെങ്കിലും സുപ്രീംകോടതി ഇടപെട്ടു. 2023ൽ തന്നെ സ്വത്തുക്കൾ ഇടി താൽകാലികമായി പിടിച്ചെടുത്തു. പിഎംഎൽഎ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി കൂടി ശരിവച്ചതോടെയാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്.









0 comments