നാഷണൽ ഹെറാൾഡ് കേസ് ; തെളിവുകൾ ശക്തം

റിതിൻ പൗലോസ്
Published on May 28, 2025, 03:33 AM | 1 min read
ന്യൂഡൽഹി
സോണിയ ഗാന്ധിയും രാഹുലും പ്രതികളായ നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ വാദം തുടങ്ങാനിരിക്കെ കോൺഗ്രസ് നേതൃത്വം പരിഭ്രാന്തിയിൽ. ജൂലൈ രണ്ടുമുതൽ എട്ടുവരെ തുടർച്ചയായി ഡൽഹി റൗസ് അവന്യൂ പ്രത്യേക കോടതിയിലാണ് വാദം. ശക്തമായ തെളിവ് നിരത്തിയ കുറ്റപത്രത്തിൽ രാഹുലും സോണിയയും ചേർന്ന് പ്രഥമദൃഷ്‌ട്യാ 142 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എജെഎൽ) ഓഹരികൾ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) വഴി ഗാന്ധി കുടുംബം തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നും ചൂണ്ടിക്കാട്ടി. യങ് ഇന്ത്യയുടെ 76 ശതമാനം ഓഹരിയും സോണിയയുടെയും രാഹുലിന്റെയും പേരിലാണ്. ബഹുഭൂരിപക്ഷം ഓഹരിയും സ്വന്തം പേരിലുള്ള കമ്പനി നടത്തിയ ഇടപാട് അറിഞ്ഞില്ലെന്ന ദുർബലവാദമാണ് കോൺഗ്രസ് നേതാക്കൾക്കുള്ളത്.
കള്ളപ്പണ നിരോധന നിയമത്തിലെ ഗുരുതര വകുപ്പുകൾക്ക് പുറമേ ക്രിമിനൽ ഗൂഢാലോചനയടക്കമുള്ള ഐപിസി വകുപ്പുകളും ഇരുവർക്കുമെതിരെയുണ്ട്. എഐസിസി ട്രഷറർ ആയിരുന്ന അന്തരിച്ച മോത്തിലാൽ വോറയാണ് തീരുമാനങ്ങളെടുത്തിരുന്നതെന്ന പ്രതിരോധനീക്കവും പാളി. ഇരുനേതാക്കൾക്കുമുള്ള പങ്ക് വെളിവാക്കുന്ന വോറയുടെ കത്ത് ഇഡി പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് 988 കോടിരൂപ മൂല്യമുള്ള സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.
സിപിഐ എം, ആം ആദ്‌മി പാർടി തുടങ്ങിയ വിവിധ പ്രതിപക്ഷ കക്ഷികളെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുമ്പോൾ പ്രോത്സാഹനംനൽകുന്ന കോൺഗ്രസ് തങ്ങൾക്കെതിരായ കേസ് രാഷ്‌ട്രീയപ്രേരിതമാണെന്നാണ് വാദിക്കുന്നത്.
പണം നൽകാൻ ഭീഷണിയും
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, സഹോദരനും മുൻ എംപിയുമായ ഡി കെ സുരേഷ് എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. ഭീഷണിയിലൂടെ ഇരു കമ്പനികൾക്കും പണം നൽകാൻ നേതാക്കളെ നിർബന്ധിച്ചെന്ന് ചൂണ്ടിക്കാട്ടുന്നു. റെഡ്ഡിയുടെ നിർബന്ധപ്രകാരം 50ലക്ഷം രൂപ യങ് ഇന്ത്യന് നൽകിയെന്ന കോൺഗ്രസ് നേതാവ് അരവിന്ദ് വിശ്വനാഥ് സിങ് ചൗഹാൻ വെളിപ്പെടുത്തി. സ്വയം 25 ലക്ഷം രൂപയും ട്രസ്റ്റ് വഴി രണ്ടുകോടിയും കൊടുത്തുവെന്ന് ശിവകുമാർ പരസ്യമായി സമ്മതിച്ചു.









0 comments