നാഷണൽ ഹെറാൾഡ് കേസ് ; കുറ്റപത്രത്തിൽ ഇന്നുമുതൽ വാദം , രാഹുലും സോണിയയും കുരുക്കിൽ

ന്യൂഡൽഹി
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും മകൻ രാഹുൽ ഗാന്ധിയെയും പ്രധാന പ്രതികളാക്കി ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ ബുധനാഴ്‌ച മുതൽ പ്രതിദിനവാദം ആരംഭിക്കും. ഡൽഹി റൗസ് അവന്യൂ പ്രത്യേക കോടതി ജഡ്‌ജി വിശാൽ ഗോഗ്നെയ്ക്ക് മുമ്പാകെ ജൂലൈ എട്ടുവരെയാണ് വാദം.
നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എജെഎൽ) ഓഹരികൾ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) വഴി ഗാന്ധി കുടുംബം സ്വന്തമാക്കിയത് കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് പ്രധാന കണ്ടെത്തൽ. ഇരുവരും 142 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും 2,000 കോടിയിലധികം രൂപ മൂല്യമുള്ള സ്വത്തുക്കൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. സാം പിത്രോദ, സുമൻ ദുബെ, യങ് ഇന്ത്യൻ തുടങ്ങിയവരാണ് മറ്റ് പ്രതികൾ.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, സഹോദരനും മുൻ എംപിയുമായ ഡി കെ സുരേഷ് എന്നിവരെയും കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. നിലവിൽ സാക്ഷികളായ ഇവരും പ്രതികളായേക്കും. നേതാക്കൾ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ യങ് ഇന്ത്യന് സംഭാവന നൽകിച്ചെന്ന, കോൺഗ്രസ് നേതാവ് അരവിന്ദ് വിശ്വനാഥ് സിങ് ചൗഹാന്റെ വെളിപ്പെടുത്തലും കുരുക്കാകും.









0 comments