കേണൽ സോഫിയ ഖുറേഷിക്ക് നേരെ അധിഷേപം; ശക്തമായി അപലപിച്ച് ദേശീയ വനിതാ കമീഷൻ

NCW
വെബ് ഡെസ്ക്

Published on May 14, 2025, 03:54 PM | 1 min read

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്ക് നേരെയുണ്ടായ അപകീർത്തികരമായ പരാമർശങ്ങളെ ദേശീയ വനിതാ കമ്മീഷൻ ശക്തമായി അപലപിച്ചു. ആരുടെയും പേര് പറഞ്ഞില്ലെങ്കിലും മധ്യപ്രദേശ് മന്ത്രി വിജയ് ഷാ സോഫിയാ ഖുറേഷിക്കെതിരെ അധിഷേപ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് കമീഷൻ ചെയർപേഴ്‌സൺ വിജയ രഹത്കറിന്റെ പ്രതികരണം.


"ഉത്തരവാദിത്തപ്പെട്ട ചില വ്യക്തികൾ സ്ത്രീകളെ അവഹേളിക്കുന്നതും ഇത്തരം പ്രസ്താവനകൾ നടത്തുന്നതും അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇത് നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ അന്തസിനെ വ്രണപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയിൽ പ്രധാന പങ്ക് വഹിക്കുന്ന രാജ്യത്തിന്റെ പെൺമക്കളെ അപമാനിക്കുകയും ചെയ്യുന്നു" - ചെയർപേഴ്‌സൺ എക്‌സിൽ കുറിച്ചു.


"പ്രിയപ്പെട്ട കേണൽ സോഫിയ ഖുറേഷി, നീ ഈ രാജ്യത്തിന്റെ അഭിമാനമാണ്, രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും സഹോദരിയാണ്, ധൈര്യത്തോടെയും സമർപ്പണത്തോടെയും രാജ്യത്തെ സേവിച്ചവളാണ്. സോഫിയയെപ്പോലുള്ള ധീരരായ സ്ത്രീകളെ ഓർത്ത് രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും അവരെ അവഹേളിക്കുന്ന പ്രസ്താവനകൾ ശക്തമായി അപലപിക്കപ്പെടണം" എന്നും വിജയ രഹത്കർ കൂട്ടിച്ചേർത്തു.





ഭീകരവാദികളുടെ സഹോദരിയെന്നാണ് കേണൽ സോഫിയ ഖുറേഷിയെന്നാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി കൂടിയായ വിജയ് ഷാ അധിക്ഷേപിച്ചത്. ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ പ്രത്യാക്രമണത്തെ പറ്റി സംസാരിക്കുന്നതിനിടയിലാണ് വിജയ് ഷാ വിവാദ പരാമർശം നടത്തിയത്.


പ്രസം​ഗത്തിന്റെ വിഡിയോ പ്രതിപക്ഷ പാർട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ പ്രധാനമന്ത്രി പാകിസ്ഥാനിലുള്ള ഭീകരരുടെ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെയാണ് അയച്ചത് എന്നായിരുന്നു വിജയ് ഷാ പറഞ്ഞത്.


ഇന്ത്യൻ സൈന്യത്തിൽ മികച്ച റെക്കോർഡുകളുണ്ട് കേണൽ ഖുറേഷിക്ക്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങിനുമൊപ്പമാണ് കേണൽ ഖുറേഷി പത്രസമ്മേളനങ്ങൾ നടത്തിയത്. ഇവർക്കെതിരെ വിവാദ പരാമശം നടത്തിയതിന് കനത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ മന്ത്രിക്ക് നേരെ നടക്കുന്നത്. വിജയ് ഷായോട് രാജി വക്കാൻ ബിജെപി ആവശ്യപ്പെടണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home