മഹാരാഷ്‌ട്രയിൽ ബോട്ടിന് തീപിടിച്ചു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

photo credit: facebook
മുംബൈ: മഹാരാഷ്ട്രയിൽ ബോട്ടിന് തീപിടിച്ചു. അലിബാഗിനടുത്തുള്ള കടലിലാണ് ബോട്ടിന് തീപിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3 നും 4 നും ഇടയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിൽ ബോട്ടിന്റെ 80 ശതമാനവും കത്തിനശിച്ചു. സംഭവസമയത്ത് 18-20 മത്സ്യത്തൊഴിലാളികൾ ബോട്ടിനകത്തുണ്ടായിരുന്നു. എന്നാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടിൽ ബോട്ടിലുണ്ടായിരുന്ന മീൻവല കത്തിയാകാം തീ പടർന്നതെന്ന് കരുതുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബോട്ട് കത്തുന്നത് കണ്ട പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് അധികൃതരെ വിവരമറിയിച്ചത്. വിവരമറിഞ്ഞ അധികൃതർ ബോട്ട് ഉടൻ തന്നെ കരയിലെത്തിച്ച് തീ അണയ്ക്കാനും ആളുകളെ ഒഴിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
0 comments