"പേരും ഉള്ളടക്കങ്ങളും നീക്കം ചെയ്തു": ബുക്ക് മൈഷോയ്ക്ക് തുറന്ന കത്തുമായി കുനാൽ കമ്ര

മുംബൈ: ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈഷോയ്ക്ക് തുറന്ന കത്തുമായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്ര. ഏക്‌നാഥ് ഷിൻഡെയെ പരിഹസിച്ചെന്ന ആരോപണത്തെ തുടർന്ന് ബുക്ക്‌മൈഷോ കുനാലിനെ ക്രിയേറ്റേഴ്സിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുക്ക് മൈഷോയെ അഭിസംബോധന ചെയ്ത് കുനാൽ എക്സിൽ പോസ്റ്റ് പങ്കുവച്ചത്.
ബുക്ക് മൈഷോയിലൂടെ ബുക്കിംഗ് തടഞ്ഞതിനാൽ പ്രേഷകരിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് കുനാൽ പോസ്റ്റിൽ വ്യക്തമാക്കുന്നു. വെബ്സൈറ്റ് തനിക്കെതിരെ എടുത്ത നടപടി പുനപരിശോധിക്കുകയോ, അല്ലെങ്കിൽ ഇതുവരെ തന്റെ ഷോകൾ ബുക്ക് ചെയ്തിട്ടുള്ള എല്ലാ കാണികളെയും ബന്ധപ്പെടാനുള്ള വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ്.
"തത്സമയ വിനോദങ്ങളുടെ ഒരു പ്രധാന കേന്ദ്രമാണ് മുംബൈ. സംസ്ഥാനത്തിന്റെ സഹകരണമില്ലാതെ, കോൾഡ്‌പ്ലേ, ഗൺസ് ആൻഡ് റോസസ് പോലുള്ള ഐക്കണിക് ഷോകൾ സാധ്യമാകുമായിരുന്നില്ല. നിങ്ങൾക്ക് സംസ്ഥാനവുമായി നല്ല ബന്ധം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ മനസിലാക്കുന്നു.
എന്നെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കഴിയുമോ എന്നതല്ല പ്രശ്നം. തീർച്ചയായും ഞങ്ങളുടെ ഷോകൾ ലിസ്റ്റ് ചെയ്യണമോ എന്നത് നിങ്ങളുടെ അവകാശമാണ്. പക്ഷെ എന്നെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിലൂടെ 2017 മുതൽ 2025 വരെ ഞാൻ അവതരിപ്പിച്ച ഉള്ളടക്കങ്ങൾ പ്രക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിന്നും നിങ്ങൾ എന്നെന്നേക്കുമായി വിലക്കിയിരിക്കുകയാണ്. എന്നെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നിങ്ങൾ തീരുമാനിച്ചാൽ, പ്രേഷകരിലേക്ക് എത്താൻ അനുവദിക്കുക എന്നതാണ് ഞാൻ അർഹിക്കുന്ന ഏറ്റവും ചെറിയ കാര്യം" - എന്നാണ് കുനാൽ കമ്ര കുറിച്ചത്.









0 comments