അസ്വാഭാവിക മരണം: 15 കൊല്ലത്തെ രേഖകൾ പൊലീസ് നശിപ്പിച്ചു; ധർമസ്ഥലയിൽ ദുരൂഹതയേറുന്നു


വിനോദ് പായം
Published on Aug 05, 2025, 01:39 AM | 2 min read
ധർമസ്ഥല: ധർമസ്ഥയിൽ 2000 മുതൽ 2015 വരെ പൊലീസ് രജിസ്റ്റർചെയ്ത അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചു. കൊലപാതകം, ആത്മഹത്യ, അപകടമരണം, ദൂരുഹ മരണം എന്നിവയിൽ ബൾത്തങ്ങാടി പൊലീസ് രജിസ്റ്റർചെയ്ത കേസ് രേഖകളാണ് നശിപ്പിച്ചത്. ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ അന്വേഷണമാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ആക്‍ഷൻ കൗൺസിൽ ഭാരവാഹി ജയന്ത് 2024 സെപ്തംബറിൽ വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയിലാണ് മറുപടി ലഭിച്ചത്. കാലഹരണപ്പെട്ട കേസ് രേഖകൾ നശിപ്പിക്കാവുന്നതാണെന്ന നിയമപ്രകാരമാണിതെന്നാണ് മറുപടി.
2002 മുതൽ 2012 വരെയുള്ള 10 വർഷം ധർമസ്ഥലയിൽ 485 അസ്വാഭാവിക മരണമുണ്ടായെന്നും അവയുടെ എഫ്ഐആർ നമ്പറും മരണ സർട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് നശിപ്പിച്ചെന്ന് മറുപടി കിട്ടിയതെന്ന് ജയന്ത് പറഞ്ഞു. സാക്ഷി വെളിപ്പെടുത്തിയ കൂട്ടക്കൊലപാതകങ്ങൾ മറച്ച് വയ്ക്കാനാണ് രേഖകൾ നശിപ്പിച്ചതെന്ന് ജയന്ത് ആരോപിച്ചു. ഇൗ കാലയളവിൽ ധർമസ്ഥല, ഉജിരെ വല്ലേജുകളിൽ 452 ആത്മഹത്യയും 16 കൊലപാതകവും നടന്നതായി എൻജിഒയെ ഉദ്ധരിച്ച് ‘ദ ഫെഡറൽ’ എന്ന വാർത്തപോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രത്യേക അന്വേഷക സംഘം, കുഴിച്ചു പരിശോധന നടത്തുന്നതിനിടയിൽ കിട്ടിയ അസ്ഥി, പഴയകാല കേസുമായി ഒത്തുനോക്കി തുടർ നടപടിയുണ്ടാകുമെന്ന് പറഞ്ഞിരുന്നു. കേസ് ഫയലുകൾ നശിപ്പിച്ചതോടെ അന്വേഷണ ഗതി സംബന്ധിച്ച് ആശങ്കയുയർന്നിട്ടുണ്ട്.
കൂടുതൽ അസ്ഥികൾ കണ്ടെത്തി
പ്രത്യേക അന്വേഷക സംഘത്തിന് തിങ്കളാഴ്ചയും കൂടുതൽ അസ്ഥികൾ കിട്ടി. സാക്ഷിയായ ശുചീകരണ തൊഴിലാളി കാണിച്ച ധർമസ്ഥല സുബ്രഹ്മണ്യ ദേശീയ പാതയോട് ചേർന്ന പതിനൊന്നാമത്തെ പോയിന്റിൽനിന്ന് മാറി ഉൾക്കാട്ടിൽ നടത്തിയ കുഴിച്ചുപരിശോധനയിലാണ് താടിയെല്ലിന്റെയും തലയോട്ടിയുടെയും ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇത് ഒന്നിലേറെ ആളുകളുടെയാണെന്നാണ് സംശയം. അസ്ഥികള്‍ ഫോറൻസിക് വിദഗ്ധർ പ്രത്യേക ബോക്സുകളിലാക്കി പുറത്തേക്ക് എത്തിച്ചു. ആറാമത്തെ പോയിന്റിൽ നിന്ന് നേരത്തെ അസ്ഥിഭാഗങ്ങൾ ലഭിച്ചിരുന്നു. അതിനിടെ ധർമസ്ഥല വെളിപ്പെടുത്തൽ വാർത്തകൾ ക്ഷേത്രവുമായ ബന്ധപ്പെടുത്തി റിപ്പോർട്ട് ചെയ്യരുത് എന്ന് ഉത്തരവിട്ട ബംഗളൂരു അഡിഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി ബി വിജയ് കുമാർ റായ് കേസ് കേള്‍ക്കുന്നതിൽനിന്ന് പിന്മാറി. ജഡ്ജി ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള എസ്ഡിഎം ലോ കോളേജിലെ പൂർവ വിദ്യാർഥിയാണെന്നും ഇത് കേസു നടത്തിപ്പിനെ സ്വാധീനിക്കുമെന്ന് സംശയിക്കുന്നതായും കന്നഡ ചാനൽ മാധ്യമ പ്രവർത്തകൻ നൽകിയ ഹർജിയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് നടപടി.









0 comments