5 വർഷം, 7,383 കോടിയുടെ മയക്കുമരുന്ന് ; ലഹരിയുടെ കവാടമായി ഗുജറാത്ത് തുറമുഖങ്ങൾ

file photo
അഹമ്മദാബാദ്
രാജ്യത്തേക്ക് ഒഴുകുന്ന മയക്കുമരുന്നിന്റെ 65 ശതമാനവും എത്തുന്നത് ഗുജറാത്തിലെ തുറമുഖങ്ങൾ വഴിയെന്ന് ഞെട്ടിക്കുന്ന കണക്കുകൾ. ഇന്ത്യൻ തുറമുഖങ്ങളിൽ അഞ്ചുവർഷത്തിനിടെ 11,300 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. 2020–24 കാലയളവിൽ ഏകദേശം 7,383 കോടി രൂപ വിലവരുന്ന 5,000 കിലോയോളം മയക്കുമരുന്നും എത്തിയത് ഗുജറാത്തിലെ അഞ്ച് തുറമുഖങ്ങളിലേക്കാണ്. അതിൽ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിലാണ് ഏറ്റവും കൂടുതൽ. 6,386 കോടിയുടെ മയക്കുമരുന്ന് ഇവിടെനിന്ന് പിടിച്ചു. പിപാവാവ് തുറമുഖത്ത് 183 കോടിയുടെയും മുന്ദ്രയിലെ കണ്ടെയ്‌നർ സ്റ്റേഷനിൽനിന്ന് 377 കോടിയുടെയും ഗാന്ധിധാമിൽ നിന്ന് 302 കോടിയുടെയും മയക്കുമരുന്ന് പിടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇൗ കണക്കുള്ളത്.
മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖം (2,284 കോടി), തൂത്തുക്കുടിയിലെ ചിദംബരനാർ തുറമുഖം (1,515 കോടി), കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി തുറമുഖം (78 കോടി) എന്നിവയാണ് മയക്കുമരുന്ന് പിടിച്ചെടുത്ത മറ്റ് പ്രധാന തുറമുഖങ്ങൾ. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിൽ ഹെറോയിൻ, കൊക്കെയ്‌ൻ, മെത്താംഫെറ്റമൈൻ, ട്രാമഡോൾ ഗുളികകൾ, കുത്തിവയ്‌ക്കുന്ന ലഹരിവസ്‌തുക്കൾ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റുചെയ്‌തു.









0 comments