സ്വർണക്കടത്തിൽ മുമ്പിൽ മുംബൈ; അറസ്റ്റിലായത് 5869 പേർ, ശിക്ഷിക്കപ്പെട്ടവർ 15

പ്രതീകാത്മക ചിത്രം
മുംബൈ: രാജ്യത്ത് ഏറ്റവുമധികം സ്വർണക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മുംബൈയിൽ. വിമാനത്താവളങ്ങളിൽ സ്വർണക്കടത്തിൽ അറസ്റ്റ് ചെയ്യപെടുന്നതിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണവും വളരെ കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നൂറുകണക്കിന് പേർ അറസ്റ്റ് ചെയ്യപ്പെടുമ്പോഴും ശിക്ഷിക്കപെടുന്നത് ഒന്നോ രണ്ടോ കേസുകളിൽ മാത്രമാണ്. പാർലമെന്റിൽ ഡോ. വി ശിവദാസൻ ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രാലയം നൽകിയ മറുപടിയിൽ നിന്നാണ് വിവരം പുറത്തുവന്നത്.
ധനമന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് (2,578.40 കിലോഗ്രാം) ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്തത്. തൊട്ടുപിന്നിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (1,370.96 കിലോഗ്രാം), ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം (1,274.25 കിലോഗ്രാം), കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം (1,159.65 കിലോഗ്രാം), കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (627.44 കിലോഗ്രാം), സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം (അഹമ്മദാബാദ്, ഗുജറാത്ത്) - 465.41 കിലോഗ്രാം, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (ബെംഗളൂരു, കർണാടക) - 441.58 കിലോഗ്രാം, രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഹൈദരാബാദ്, തെലങ്കാന) - 366.56 കിലോഗ്രാം, ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളം (തമിഴ്നാട്) - 292.72 കിലോഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്ത സ്വർണത്തിന്റെ അളവ്.
2020–21 മുതൽ 2024–25 വരെ കാലയളവിൽ 5,689 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ വെറും 15 പേരെയാണ് കോടതി ശിക്ഷിച്ചത്. 2020–21ൽ അറസ്റ്റ് ചെയ്‌തത് 924 പേരെയും ശിക്ഷിച്ചത് ഒരാളെയുമാണ്. 2021–22ൽ 1,051 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ശിക്ഷിക്കപ്പെട്ടത് 3 പേരാണ്. 2022–23ൽ 1,197 അറസ്റ്റ് നടന്നപ്പോൾ 5 പേരെ ശിക്ഷിച്ചു. 2023–24ൽ 1,533 അറസ്റ്റും 5 പേർക്ക് ശിക്ഷയും വിധിച്ചു. 2024–25ൽ 908 അറസ്റ്റ് നടന്നെങ്കിലും ഒരാൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. അറസ്റ്റും ശിക്ഷയും തമ്മിലുള്ള ഈ വലിയ അന്തരം സ്വർണക്കടത്ത് തടയുന്നതിനുള്ള സംവിധാനങ്ങളുടെ ദൗർബല്യമാണ് വ്യക്തമാക്കുതെന്നും വി ശിവദാസൻ എംപി പറഞ്ഞു.









0 comments