മുംബെെ ഭീകരാക്രമണം: ഹെഡ്ലിയെ വിട്ടുകിട്ടാത്തത് ചർച്ചയാകുന്നു

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചതു നേട്ടമാണെങ്കിലും പ്രധാന പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ യുഎസ് വിട്ടുനൽകാത്തത് തിരിച്ചടി. കേസിൽ റാണയെക്കാൾ ഗുരുതര കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത് ഹെഡ്‌ലിക്കെതിരെ ആയതിനാൽ റാണയെ മാത്രം കൈമാറി ഇന്ത്യ -അമേരിക്ക ബന്ധത്തിൽ ഉലച്ചിൽ തട്ടാതെ നോക്കുകയാണു യുഎസ്.
മുംബെെ ഭീകരാക്രമണ കേസിൽ തഹാവൂർ റാണയെ അമേരിക്ക ഇന്ത്യക്ക് കെെമാറിയെങ്കിലും ഭീകരാക്രമണത്തിന്റ തലവനായ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ വിട്ടുകിട്ടാത്തതിനാൽ കാര്യമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയാകുന്നില്ല. മുംബെെ ഭീകരാക്രമണം കഴിഞ്ഞ് 16 വർഷത്തിന് ശേഷമാണ് അമേരിക്ക റാണയെ ഇന്ത്യക്ക് കെെമാറുന്നത്. അപ്പോഴും സൂത്രധാരനെ വിട്ടുകിട്ടുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല.വിട്ടുകിട്ടില്ല എന്നതും അമേരിക്ക വ്യക്തമാക്കിയിരിക്കുന്നു.
ഹെഡ്ലിയെ വേണമെന്ന ഇന്ത്യയുടെ നിരന്തരമായ ആവശ്യം അമേരിക്ക ഇന്നും അവഗണിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഭീകരാക്രമണ കേസിലും, പ്രവാചകൻ മുഹമ്മദിന്റെ വിവാദ ചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഡൺമാർക്കിൽ ഒരു പത്രത്തിനെതിരെ ആക്രമണം അഴിച്ചുവിടാൻ പദ്ധതിയിട്ട കേസിലും അമേരിക്കയിൽ 35 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് പാക്-അമേരിക്കൻ വംശജനായ ഹെഡ്ലി. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ തഹാവൂർ റാണയുടെ പങ്ക് തിരിച്ചറിഞ്ഞത് പോലും ബാല്യകാല സുഹൃത്തും ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയുമായ ഹെഡ്‌ലിയെ അറസ്റ്റ് ചെയ്ത സന്ദർഭത്തിലാണ് . 2016 ൽ യുഎസിലെ ഒരു അജ്ഞാത സ്ഥലത്ത് നിന്ന് വീഡിയോ കോൺഫറൻസിലൂടെ മുംബൈയിൽ പ്രത്യേക ടാഡ കോടതിയിൽ ഡേവിഡ് കോൾമാൻ ഹെഡ്‌ലി മൊഴി നൽകിയിരുന്നു.
മൂന്നുവർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ അഞ്ചാമത്തെ അമേരിക്കൻ സന്ദർശനം ചർച്ചയ്ക്കും വിവാദത്തിനും വഴിവെച്ചതിന് പിന്നാലെയാണ് തഹാവൂർ റാണയെ ഇന്നലെ അമേരിക്ക ഇന്ത്യയ്ക്ക് കെെമാറിയത് .ഇന്ത്യക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയ അമേരിക്കയുടെ നടപടിയിൽ രാജ്യത്ത് പ്രതിഷേധം കത്തിനിൽക്കവെ ട്രംപിന്റെ ആതിഥ്യം സ്വീകരിക്കാൻ മോദി അമേരിക്കയിലെത്തിയിരുന്നു. ഫ്രാൻസ് -അമേരിക്ക എന്നീ രാജ്യങ്ങളുമായി ആയുധകച്ചവടമടക്കമുള്ള പുതിയ കരാറുകളിൽ ഒപ്പിടുമെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. സ്വന്തം ജനതയെ അമേരിക്ക വിലങ്ങണിയിച്ച് നാട് കടത്തിയതുമായി ബന്ധപ്പെട്ട് ഒരു തരത്തിലും കേന്ദ്രം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് വലിയ വിമർശത്തിന് വഴിവെച്ചത്. നയതന്ത്ര രംഗത്ത് വലിയ പരാജയമായിരുന്നു ഈ നിലപാടുകളെന്ന് വിദഗ്ധർ നിരീക്ഷിച്ചു.
ഏപ്രിൽ രണ്ട് മുതൽ ഇന്ത്യക്കുമേൽ ‘പ്രതികാര തീരുവ’ നടപ്പാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി മുഴക്കിയിരുന്നു. തീരുമാനം നടപ്പായാൽ ഏതാണ്ട് രണ്ടുലക്ഷം കോടിയുടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ കുറഞ്ഞ തീരുവനിരക്കിൽ ഇന്ത്യയിലേക്ക് ഒഴുകുമെന്നായിരുന്നു കണക്ക്. കാർഷികമേഖലയെ അടക്കം ഇത് പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയായി. ഇത്തരത്തിൽ നിരവധി തിരിച്ചടികൾ കേന്ദ്രത്തിന് അമേരിക്കയുടെ പക്കൽ നിന്നും അടുത്ത കാലത്ത് ഏൽക്കേണ്ടി വന്നിരുന്നു. ഈ നാണക്കേടിന് പരിഹാരമെന്നോണം കൂടിയാണ് തഹാവൂർ റാണയെ അമേരിക്കയുടെ കയ്യിൽ നിന്നും രാജ്യത്തേക്കെത്തിച്ചത് നയതന്ത്ര വിജയമാണെന്ന് ബിജെപിയും കേന്ദ്രവും പറഞ്ഞുകൊണ്ടിരിക്കുന്നത്.
16 വർഷത്തിൽ 10 വർഷത്തോളം ബിജെപി തന്നെ രാജ്യം ഭരിച്ചു. ഈ സമയങ്ങളിലൊന്നും റാണയെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ കാര്യമായി നടന്നില്ല. ചുങ്കം ചുമത്തലും ചങ്ങലക്കിട്ട് ഇന്ത്യക്കാരെ ഇറക്കുമതി ചെയ്തതും രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായത്
മറയ്ക്കുന്നതിനാണ് റാണയുടെ കെെമാറൽ മഹാ നേട്ടമെന്ന നിലയിൽ കേന്ദ്രം പ്രചരിപ്പിക്കുന്നത്. ആക്രമണത്തിന്റെ സൂത്രധാരൻ ഇന്നും കയ്യെത്താ ദൂരത്താണെന്നതും അന്വേഷണം ദുർബലപ്പെടുമെന്നതിന് പ്രധാന കാരണമാകുന്നു. ഇത് കേന്ദ്രത്തിന്റെ അന്വേഷണത്തിനും തിരിച്ചടിയാകും.
അമേരിക്കൻ സർക്കാരിൻ്റെയും പാക് ചാര സംഘടനയായ ഐഎസ്ഐയുടെയും ഡബിൾ ഏജന്റായാണ് ഹെഡ്‌ലി പ്രവർത്തിച്ചതെന്നു കേന്ദ്രസർക്കാരിലെ മുൻ ഹോം സെക്രട്ടറി ജികെ പിള്ള ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. റാണ ഒരു ചെറിയ കളിക്കാരൻ മാത്രമാണെന്നും ജികെ പിള്ള പറയുന്നു. ഇതുകൂടി ചേർത്ത് വായിച്ചാൽ ഹെഡ്ലിയെ വിട്ടുകിട്ടാത്തിടത്തിടത്തോളം മുംബെെ ഭീകരാക്രമണ അന്വേഷണം പാതി വഴിയിൽ മുടങ്ങുമെന്ന് മാത്രമല്ല, റാണയെ ലഭിച്ചത് കേന്ദ്രത്തിന്റെ നയതന്ത്ര വിജയമെന്ന് പ്രചരിപ്പിക്കുമ്പോൾ ഹെഡ‍്ലിയെ കിട്ടാത്തത് കേന്ദ്രത്തിന്റെ പരാജയമാണെന്നതിനും മോദിക്കും സർക്കാരിനും മറുപടി പറയേണ്ടി വരും.









0 comments