മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി എൻഐഎ കോടതി. സെപ്തംബർ 8 വരെയാണ് സ്പെഷ്യൽ എൻഐഎ കോടതി കാലാവധി നീട്ടിയത്. ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്. നിലവിൽ കേസ് രേഖകൾ പരിശോധിക്കുന്ന ഘട്ടത്തിലാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. സ്പെഷ്യൽ എൻഐഎ കോടതി ജഡ്ജ് ചന്ദേർ ജിത് സിങ്ങാണ് കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. റാണയ്ക്ക് ഈ മാസം മൂന്ന് തവണ കുടുംബാംഗങ്ങളെ ഫോൺ ചെയ്യാമെന്നും കോടതി അറിയിച്ചു.ജയിൽ അധികൃതരുടെ സാന്നിധ്യത്തിൽ റാണയുടെ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുമെന്നും സംഭാഷണങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണമെന്നും ജഡ്ജി ഉത്തരവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ, തന്റെ കുടുംബവുമായി ആശയവിനിമയം നടത്തണമെന്ന റാണയുടെ അപേക്ഷയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എതിർത്തിരുന്നു. അന്വേഷണം നിലവിൽ നിർണായക ഘട്ടത്തിലാണെന്നും അത്തരം ആശയവിനിമയത്തിലൂടെ റാണ തന്ത്രപ്രധാനമായ വിവരങ്ങൾ പുറത്ത് കൈമാറാൻ സാധ്യതയുണ്ടെന്നുമായിരുന്നു എൻഐഎയുടെ വാദം.
ഏപ്രിൽ 10നാണ് റാണയെ പ്രത്യേക വിമാനത്തിൽ എൻഐഎ സംഘം അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. 2008ൽ 166ലേറെപേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് 17 വർഷത്തിനുശേഷമാണ് പാകിസ്ഥാൻ – കനേഡിയൻ ബിസിനസുകാരനും മുൻ പാക് സൈനിക ഡോക്‌ടറുമായ റാണയെ ഇന്ത്യയിലെത്തിക്കുന്നത്. 26/11 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ഗൂഢാലോചനക്കാരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി എന്ന ദാവൂദ് ഗിലാനിയുടെ അടുത്ത അനുയായിയായ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെയുള്ള പുനഃപരിശോധനാ ഹർജി ഏപ്രിൽ 4 ന് യുഎസ് സുപ്രീം കോടതി തള്ളിയതിനെത്തുടർന്നാണ് റാണയെ ഇന്ത്യയിലെത്തിച്ചത്.
ഏപ്രിൽ 11 ന് കോടതി റാണയെ 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. ലഷ്കർ-ഇ-തൊയ്ബയുടെയും തലവൻ ഹാഫിസ് സയീദിന്റെയും ഭീകരവാദ പദ്ധതികളെക്കുറിച്ച് റാണയ്ക്ക് വെളിപ്പെടുത്താൻ കഴിയുമെന്ന് ഏജൻസി കോടതിയെ അറിയിച്ചതിനെത്തുടർന്ന് ഏപ്രിൽ 28ന് കോടതി റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസം കൂടി നീട്ടി. ദിവസവും 20 മണിക്കൂർ തന്നെ ചോദ്യം ചെയ്യുന്നു എന്ന് റാണ ആരോപിച്ചെങ്കിലും റാണയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ചോദ്യം ചെയ്യുന്നതെന്ന് ഏജൻസി അറിയിച്ചിരുന്നു. റാണയുടെ ഭാഗത്തു നിന്ന് നിസ്സഹകരണം തുടരുകയാണെന്ന് കാണിച്ച് എൻഐഎ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 30 ന് കോടതി അനുവദിച്ചതിനെത്തുടർന്ന് റാണയുടെ ശബ്ദ, കൈയക്ഷര സാമ്പിളുകൾ ഏജൻസി ശേഖരിച്ചിരുന്നു.
2009 ഒക്‌ടോബറിൽ ഷിക്കാഗോയിലാണ് റാണ പിടിയിലായത്. 2023 മെയിൽ റാണെയെ ഇന്ത്യക്ക് കൈമാറാമെന്ന് കലിഫോർണിയ കോടതി ഉത്തരവിട്ടെങ്കിലും റാണ മേൽക്കോടതികളെ സമീപിച്ച് നടപടികൾ നീട്ടിക്കൊണ്ടുപോയി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും അമേരിക്കയിൽ അറസ്റ്റിലായെങ്കിലും ഇന്ത്യയിലെത്തിക്കാനായിട്ടില്ല. ലഷ്‌കർ ഭീകരൻ ഹാഫിസ് സയിദിന്റെ നിർദേശമനുസരിച്ച് ഭീകരാക്രമണം ആസൂത്രണം ചെയ്യാൻ റാണയാണ് ഹെഡ്‌ലിയെ സഹായിച്ചത്. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താൻ വ്യാജ തിരിച്ചറിയൽ രേഖയും വിസയും റാണെ തന്നെയാണ് സംഘടിപ്പിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. 2008ലാണ് മുംബൈയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടന്നത്. 166 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.









0 comments