പശ്ചിമ ബംഗാളിലും വോട്ടുവെട്ടാൻ നീക്കം

Election commission Bihar voter list
വെബ് ഡെസ്ക്

Published on Aug 29, 2025, 12:20 AM | 1 min read

ന്യൂഡൽഹി: വോട്ടർമാരുടെ പൗരത്വം തെളിയിക്കാൻ നിർബന്ധിച്ച ​ബിഹാറിലെ വോട്ടർപ്പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) പശ്ചിമബംഗാളിലും. ബിഹാറിലെ നീക്കത്തിനെതിരെ തീവ്രമായ എതിർപ്പ്‌ ഉയരുമ്പോഴാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ബംഗാളിൽ സമാന നീക്കം നടത്തുന്നത്‌. വോട്ടർപ്പട്ടിക പുനഃപരിശോധനയ്ക്ക്‌ ഒരുങ്ങാൻ നിർദേശിച്ച്‌ പശ്ചിമബംഗാൾ ചീഫ്‌ ഇലക്ടറൽ ഓഫീസർ മനോജ്‌ അഗർവാൾ ജില്ലാ ഇലക്ടറൽ ഓഫീസർമാർക്ക്‌ കത്ത്‌ നൽകി. ഇലക്ടറൽ രജിസ്‌ടേഷൻ ഓഫീസർമാർ, അസിസ്റ്റന്റ്‌ ഇലക്ടറൽ രജിസ്ടേഷൻ ഓഫീസർമാർ തുടങ്ങിയവരുടെ ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന്‌ സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു.


ബിഹാർ എസ്‌ഐആർ നടപടിക്രമങ്ങൾ ചോദ്യംചെയ്യുന്ന നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്‌. ഹർജികളിൽ കോടതിവിധി പുറപ്പെടുവിക്കുന്നതിന്‌ മുമ്പ്‌ പശ്ചിമബംഗാളിലും വോട്ടർപട്ടിക പുനഃപരിശോധന തുടങ്ങാനാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ നീക്കം. എന്നാൽ, ബംഗാളിലെ വോട്ടർപട്ടിക പുനഃപരിശോധനയെ തെരഞ്ഞെടുപ്പ്‌ കമീഷൻ "എസ്‌ഐആർ' എന്ന്‌ വിശേഷിപ്പിക്കുന്നില്ല. എല്ലാ തെരഞ്ഞെടുപ്പിനുംമുമ്പ്‌ വോട്ടർപട്ടിക പുനഃപരിശോധന പതിവാണെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ വൃത്തങ്ങൾ പ്രതികരിച്ചത്‌. എസ്‌ഐആർ നടപടികളുടെ ഭാഗമായ അപേക്ഷ മുഴുവൻ കാര്യങ്ങളും ചോദിച്ചറിയാതെ ആരും പൂരിപ്പിച്ച്‌ കൊടുക്കരുതെന്ന്‌ മുഖ്യമന്ത്രി മമത ബാനർജി അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home