ഒരു ലക്ഷം ഏകാധ്യാപക സ്കൂളുകളിലായി 33 ലക്ഷത്തിലധികം കുട്ടികൾ; കണക്കുകൾ പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഒരു ലക്ഷം ഏകാധ്യാപക സ്കൂളുകളിലായി 33 ലക്ഷത്തിലധികം കുട്ടികൾ പഠിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം 2024–25 അധ്യയനവർഷത്തിൽ 1,04,125 ഏകാധ്യാപക സ്കൂളുകളിലായി 33,76,769 തിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. സ്കൂൾ എജ്യുക്കേഷൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ സിസ്റ്റം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു സ്കൂളിൽ ശരാശരി 34 വിദ്യാർഥികളാണുള്ളത്.
ആന്ധ്രപ്രദേശാണ് 12,912 സ്കൂളുകളുമായി പട്ടികയിൽ ഒന്നാമത്. ഉത്തർപ്രദേശ് (9,508), ജാർഖണ്ഡ് (9,172), മഹാരാഷ്ട്ര (8,152), കർണാടകം (7,349) എന്നിവയും പിന്നാലെയുണ്ട്. ദില്ലിയിൽ ഒറ്റ അധ്യാപക സ്കൂളുകളുടെ എണ്ണം 9 മാത്രമാണ്. ലക്ഷദ്വീപിലും മധ്യപ്രദേശിലും ഇത്തരം സ്കൂളുകൾ 7,217 എണ്ണമാണുള്ളത്. 2022–23ൽ 1,18,190 ആയിരുന്ന ഒറ്റ അധ്യാപക സ്കൂളുകളുടെ എണ്ണം 2024–25ൽ 1,04,125 ആയി കുറഞ്ഞിട്ടുണ്ട്. ഏകാധ്യാപകരെ വച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ കൂട്ടിയോജിപ്പിച്ച് ഈ പ്രശ്നം പരിഹരിക്കാമെന്നാണ് കേന്ദ്രസർക്കാർ തീരുമാനം.
വിദ്യാർത്ഥികളില്ലാത്ത സ്കൂളുകളിൽ നിന്നുള്ള അധ്യാപകരെ ഇത്തരം സ്കൂളുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ഗ്രാമീണ പ്രദേശങ്ങളിലാണ് ഇത്തരം സ്കൂളുകൾ കൂടുതലായി നിലനിൽക്കുന്നത്. വിദ്യാർഥികൾക്കും വിദ്യാഭ്യാസത്തിനും വേണ്ടത്ര നിലവാരം വാഗ്ദാനം ചെയ്യാനാകാത്ത സാഹചര്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. അധ്യാപക പോരായ്മ തരണം ചെയ്തല്ലാതെ ഈ വിഷയത്തിന് പരിഹാരം കാണാനാകില്ല. അതേസമയം അധ്യാപകരെ നിയമിക്കുമ്പോൾ അവരുടെ യോഗ്യത കൂടെ കണക്കിലെടുക്കണമെന്ന ആക്ഷേപവുമുണ്ട്.









0 comments