സിക്കിമിലെ മണ്ണിടിച്ചിൽ: കുടുങ്ങിക്കിടന്ന 100ഓളം പേരെ രക്ഷപ്പെടുത്തി

photo credit: pti
ഗാങ്‌ടോക്ക്: വടക്കൻ സിക്കിമിലെ ലാച്ചുങ്ങിൽ കുടുങ്ങിയ 100-ലധികം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സിക്കിമിലെ സോംഗുവിലെ ഫിഡാങ്ങിലാണ് രക്ഷാപ്രവർത്തനത്തിനുശേഷം ഇവരെ എത്തിച്ചത്. ഫിഡാങ്ങിൽ നിന്ന് വിനോദസഞ്ചാരികൾ ഗാങ്‌ടോക്കിലേക്ക് പോകും.
പ്രാദേശിക ഭരണകൂടം, പൊലീസ്, സൈന്യം, ബിആർഒ, ഐടിബിപി, വനം വകുപ്പ്, എസ്എച്ച്ആർഎ, ഡ്രൈവർമാരുടെ അസോസിയേഷനുകൾ, തദ്ദേശവാസികൾ എന്നിവരുടെ സഹായം രക്ഷാപ്രവർത്തനത്തിന് ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർച്ചയായ മഴയെത്തുടർന്ന് മണ്ണിടിച്ചിലിൽ പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെയാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. മെയ് 30 ന് പെട്ടെന്നുള്ള മേഘവിസ്ഫോടനത്തെ തുടർന്ന് പെയ്ത കനത്ത മഴ വടക്കൻ സിക്കിമിൽ നാശം വിതച്ചതായി ബിആർഒ അറിയിച്ചു. വിനോദസഞ്ചാരികൾ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ടൂറിസം ആൻഡ് സിവിൽ ഏവിയേഷൻ വകുപ്പ് നിർദേശിച്ചു.
മെയ് 29 ന് മംഗൻ ജില്ലയിലെ ടീസ്റ്റ നദിയിലേക്ക് വാഹനം മറിഞ്ഞ് കാണാതായ വിനോദസഞ്ചാരികൾക്കായുള്ള തിരച്ചിൽ ജില്ലാ അധികൃതർ പുനരാരംഭിച്ചു. നദിയിലേക്ക് വാഹനം മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ ഒമ്പത് വിനോദസഞ്ചാരികളെ കാണാതായിരുന്നു. അതിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ജില്ലാ പൊലീസ്, ജില്ലാ ഭരണകൂടം, ഐടിബിപി, കരസേന, ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പ്, ബിആർഒ, എൻഡിആർഎഫ്, ജിആർഇഎഫ്, ഫയർ, മെഡിക്കൽ ടീമുകൾ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം നടക്കുന്നത്.









0 comments