മുഹമ്മദ് സലീം സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി

ബുദ്ധദേബ് ഭട്ടാചാര്യ നഗർ (ഹൂഗ്ലി): സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ സമ്മേളനം തെരഞ്ഞെടുത്തു. 67കാരനായ മുഹമ്മദ് സലിം രണ്ടാം തവണയാണ് സംസ്ഥാന സെക്രട്ടറിയാകുന്നത്. ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം മികച്ച പ്രഭാഷകനുമാണ്.
മുഹമ്മദ് സലിം വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിൽ എത്തിയത്. ബംഗാളി കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകൾ നന്നായി കൈകാര്യം ചെയ്യും. കൊൽക്കത്ത ഖിദർപ്പുർ സ്വദേശിയാണ്. 2015 മുതൽ പാർടി പൊളിറ്റ്‌ബ്യൂറോ അംഗം. എസ്‌എഫ്‌ഐ പ്രവർത്തകനായി പൊതുരംഗത്തുവന്ന മുഹമ്മദ് സലിം ദീർഘകാലം ഡിവൈഎഫ്‌ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1990 മുതൽ രണ്ട് തവണ രാജ്യസഭാംഗമായി. 2001–2004 കാലത്ത് ബംഗാൾ മന്ത്രിസഭാംഗമായിരുന്നു. 2004, 2014 പൊതുതെരഞ്ഞെടുപ്പുകളിൽ ജയിച്ച് ലോക്‌സഭാംഗമായി. 1998 മുതൽ പാർടി കേന്ദ്രകമ്മിറ്റിയംഗമാണ്. ഭാര്യ: ഡോ. റോസിന ഖാത്തുൺ. രണ്ടുമക്കൾ.

ഹുഗ്ലി ജില്ലയിലെ ദാങ്കുണിയിൽ ബുദ്ധദേബ് ഭട്ടാചാര്യയുടെ പേരിലുള്ള നഗറിൽ സീതാറാം യെച്ചൂരി വേദിയിൽ 23 നാണ് സമ്മേളനം തുടങ്ങിയത്. മുതിർന്ന നേതാവ് ബിമന്‍ ബസു പതാക ഉയർത്തി. പൊളിറ്റ്‌ബ്യൂറോ അംഗവും കോ ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പിബി അംഗങ്ങളായ മണിക് സർക്കാർ, ബൃന്ദാ കാരാട്ട്, സൂര്യകാന്ത മിശ്ര, എം എ ബേബി, തപൻ സെൻ, അശോക് ധാവ്‌ളെ, നിലോത്പൽ ബസു, രാമചന്ദ്ര ഡോം തുടങ്ങിയവരും പങ്കെടുത്തു.









0 comments