2012ൽ യുപിഎ സർക്കാരിനെതിരെ മുംബൈയിൽ നടത്തിയ പ്രസംഗം ചർച്ചയായി
print edition ‘ഭീകരർക്ക് എങ്ങനെ ആയുധവും പണവും കിട്ടുന്നു’ ; മോദിയുടെ പഴയ പ്രസംഗം തിരിഞ്ഞുകൊത്തുന്നു

ന്യൂഡൽഹി
പുൽവാമയ്‌ക്കും പഹൽഗാമിനും പിന്നാലെ 13 പേരുടെ ജീവനെടുത്ത ഡൽഹി ചാവേർ സ്‌ഫോടനം കൂടിയായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകാല പ്രസ്‌താവനകൾ ബിജെപിയെയും സംഘപരിവാറിനെയും തിരിഞ്ഞുകൊത്തുന്നു. ഭീകരാക്രമണങ്ങൾ തടയുന്നതിൽ യുപിഎ സർക്കാർ പൂർണ പരാജയമാണെന്ന വിമർശം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തിയിരുന്നു. 2012ൽ മുംബൈയിലെ റാലിയിൽ യുപിഎ സർക്കാരിനെ കടന്നാക്രമിച്ച് മോദി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ലഭ്യമാണ്.
മുംബൈ റാലിയിൽ മോദി പറഞ്ഞതിങ്ങനെ
‘ഭീകരർക്ക് ആയുധവും പണവും കിട്ടുന്നുണ്ട്. എല്ലാ സാമ്പത്തിക ഇടപാടുകളും സർക്കാർ നിയന്ത്രണത്തിൽ, ആർബിഐയുടെ നിയന്ത്രണത്തിൽ. സംവിധാനങ്ങളെല്ലാം തന്നെ നിങ്ങളുടെ പക്കലുണ്ട്. അവിടെ ഇടനിലക്കാരില്ല. എന്നിട്ടും എന്തുകൊണ്ട് ഭീകരാക്രമണങ്ങൾ തടയാനാകുന്നില്ല.
എന്തുകൊണ്ട് ഭീകരരെ പിടികൂടാനാവുന്നില്ല. എന്തുചെയ്യാനാണ് നിങ്ങളുടെ ഭാവം. ഭീകരർ വന്ന് ആക്രമണം നടത്തിയശേഷം രക്ഷപ്പെടുന്നു. ബിഎസ്‌എഫും തീരസുരക്ഷാസേനയും നാവികസേനയുമെല്ലാം നിങ്ങളുടെ നിയന്ത്രണത്തിലാണ്. പിന്നെങ്ങനെയാണ് ഭീകരർ രാജ്യത്തേക്ക് കടന്ന് ആക്രമണം നടത്തുന്നത്. പ്രധാനമന്ത്രി മറുപടി പറയണം.’
ഡൽഹി സ്‌ഫോടനമുണ്ടായതോടെ മോദിയുടെ പഴയകാല പ്രസ്‌താവനകൾ ചർച്ചയാവുകയാണ്. ഭീകരർ ഇനി പത്തി ഉയർത്തില്ലെന്ന് ഓപ്പറേഷൻ സിന്ദൂറിന് ശേഷം മോദി അവകാശപ്പെട്ടിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ജമ്മു കശ്‌മീരിൽ ഭീകരത ഇല്ലാതായെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അടക്കം പറഞ്ഞിരുന്നു. എന്നാൽ ഭീകരശൃംഖലകൾ ഇപ്പോഴും സജീവമെന്ന് തെളിയിക്കുകയാണ് തുടർ സംഭവങ്ങൾ. കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെയും മൂക്കിൻതുമ്പിലാണ് ഡൽഹി സ്‌ഫോടനമെന്നതും സർക്കാരിന്റെ വീഴ്‌ചയെ തുറന്നുകാട്ടി. 2012ലെ പ്രസംഗത്തിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് ഇപ്പോൾ മറുപടി പറയേണ്ട അവസ്ഥയിലാണ് മോദിയും അമിത് ഷായുമെല്ലാം.









0 comments