ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാർലമെന്റ് ചേർന്നപ്പോൾ പ്രധാനമന്ത്രി ആബ്‌സെന്‌റ്‌

pm modi
avatar
എൻ എ ബക്കർ

Published on Jul 26, 2025, 06:16 PM | 2 min read

പ്പറേഷൻ സിന്ദൂരിന് ശേഷം പാർലമെന്റ് സമ്മേളനം ചേർന്നപ്പോൾ രാജ്യത്തെ പ്രധാനമന്ത്രി സ്ഥലത്തില്ല. മൺസൂൺ സമ്മേളനം ജൂലൈ 21 ന് തുടങ്ങി. പക്ഷെ അപ്പോഴേക്കും നരേന്ദ്ര മോദി വിദേശത്തേക്ക് പറന്നു.


ജനങ്ങൾ തെരഞ്ഞെടുത്തയച്ച പ്രതിനിധികൾക്ക് സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാനും ജനാധിപത്യപരമായി അവരെ ഉത്തരവാദിത്തത്തോടെ നിലനിർത്തുന്നതിനും സുപ്രധാന അവസരങ്ങളായാണ് പാർലമെന്റ് സമ്മേളനങ്ങൾ പരിഗണിക്കപ്പെടുന്നത്. രാജ്യം ഒരു യുദ്ധം നേരിട്ട അവസരം കൂടിയാണ്.


"പ്രധാനമന്ത്രി ആ തീയതികളിൽ വിദേശത്തായിരിക്കുമെന്ന് അറിയാമായിരുന്നിട്ടും, അദ്ദേഹം എന്തിനാണ് സമ്മേളനം വിളിച്ചത്?" ഇത് സംബന്ധിച്ച് രാജ്യസഭയിലെ കോൺഗ്രസ് പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരിയുടെ ചോദ്യം മാധ്യമങ്ങൾ കേട്ടില്ല.


"ലോക്സഭയിലും രാജ്യസഭയിലും എത്ര ദിവസം പങ്കെടുത്തുവെന്ന് പ്രധാനമന്ത്രി തന്റെ ഹാജർ പരിശോധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടത് ജനാധിപത്യ സമൂഹത്തോട് കൂടിയായിരുന്നു. നമ്മുടെ പ്രധാനമന്ത്രി ജനാധിപത്യത്തെക്കുറിച്ച് ഗൗരവമുള്ളവനല്ല എന്ന കടുത്ത വിമർശനവും പ്രതിപക്ഷ ഉപനേതാവ് ഉന്നയിച്ചു.


ജനപ്രതിനിധികൾ രാജ്യത്തെയും ഓരോ  പൗരരെയും ആശങ്കപ്പെടുത്തുന്ന വിഷയങ്ങളിൽ ഗൌരവത്തോടെ ഇടപെടുന്ന അവസരമാണ്. യുദ്ധവും അതിന് പിന്നാലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അട്ടിമറിക്കുന്നത് എന്ന് വിമർശിക്കപ്പെട്ട ബിഹാറിലെ ഇടപെടലുകളും കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. ഈ നിർണ്ണായക സമയത്ത് പ്രധാനമന്ത്രി എന്തിനാണ് "ജനാധിപത്യത്തിന്റെ ക്ഷേത്രത്തിൽ" നിന്ന് അപ്രത്യക്ഷനാകാൻ തിടുക്കപ്പെടുന്നത് എന്നത് രാജ്യത്തിന്റെയും ആശങ്കയാണ്.


കഴിഞ്ഞ നാല് വർഷത്തിനിടെ 14 പാർലമെന്റ് സമ്മേളനങ്ങൾ നടന്നപ്പോൾ ഒമ്പത് ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രയിലായിരുന്നു. ഇപ്പോൾ വീണ്ടും പുറപ്പെട്ടിരിക്കയാണ്.

pm modi


വിദേശ യാത്രകളുടെ പേരിൽ വാജ്പേയിയെ ആക്രമിച്ച മാധ്യമങ്ങൾ നരേന്ദ്രമോദിയിൽ എത്തുമ്പോൾ പുതിയ സാഹചര്യത്തിൽ നിശ്ശബ്ദമാണ്. മൻമോഹന സിങ്ങിനെ നോൺ റസിഡന്റ് പ്രൈമിനിസ്റ്റർ എന്നായിരുന്നു വിശേഷിപ്പിച്ചത്. 2004 ൽ ആദ്യമായി അധികാരമേറ്റതിന് ശേഷം മൊത്തം 650 കോടി രൂപ ചെലവഴിച്ച് അദ്ദേഹം പറന്നു നടന്നത് 70 ൽ അധികം വിദേശ രാജ്യങ്ങളിലാണ്.


2010 ൽ, പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ വിദേശയാത്രകൾ നടത്തരുതെന്ന് കാബിനറ്റ് മന്ത്രിമാരോട് കർക്കശ നിർദ്ദേശം നൽകിയതും മൻമോഹൻ സിങ്ങാണ്. എന്നിട്ടും അദ്ദേഹം യാത്രകൾ തുടർന്നു.


2012 ലെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 8 നും സെപ്റ്റംബർ 7 നും ഇടയിലായിരുന്നു. അതിന്റെ അവസാനത്തിൽ ഓഗസ്റ്റ് 28 നും ഓഗസ്റ്റ് 31 നും ഇടയിൽ നാല് ദിവസത്തേക്ക് പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് നാം ഉച്ചകോടിയിൽ പങ്കെടുക്കാൻ ടെഹ്‌റാനിലേക്ക് പോയി. അന്ന് ബിജെപി കടുത്ത വിമർശനമാണ് ഉയർത്തി വിട്ടത്.


കൽക്കരിഗേറ്റ് അഴിമതിയിൽ പ്രതിപക്ഷം സിങ്ങിന്റെ രാജി ആവശ്യപ്പെട്ടിരുന്ന സമയമായിരുന്നു. പ്രധാനമന്ത്രി എവിടെ എന്ന് ചോദിച്ച് തുടർച്ചയായി ഒമ്പത് ദിവസം അതായത് 2012 ഓഗസ്റ്റ് 23 നും ഓഗസ്റ്റ് 31 നും ഇടയിൽ പാർലമെന്റ് പ്രവർത്തിക്കാൻ പോലും അനുവദിച്ചില്ല. ബിജെപിയും ദേശീയ മാധ്യമങ്ങളും മൻമോഹൻ സിങ്ങിന്റെ അഭാവത്തെ ഒളിച്ചോട്ടമായും പ്രശ്നങ്ങൾ നേർക്കു വരുമ്പോൾ നേരിടാനുള്ള ശേഷിയില്ലായ്മയായും വിവരിച്ച് വൻ കോലാഹലം ഉയർത്തി വിട്ടു.  


ഇപ്പോൾ ഒരു യുദ്ധത്തിന് ശേഷം പാർലമെന്റ് മൺസൂൺ സെഷൻ ചേർന്നപ്പോൾ പ്രധാനമന്ത്രിയെ കാണാനില്ല. വിമർശകരും ബഹളക്കാരും നിശ്ശബ്ദരാണ്. ജനാധിപത്യത്തെ കുറിച്ച് അധികാര കേന്ദ്രീകരണത്തെ കുറിച്ച് ഏക വ്യക്തി ഭരണത്തെ കുറിച്ച് വാക്കുകൾ ഒന്നും കേൾക്കാനില്ല. വാർത്തകളും ഇല്ല.


പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ച് വർഷം അതായത് ഒരു ഭരണ ടേണിൽ മാത്രം വിദേശയാത്രകൾക്കായി ചെലവിട്ടത് 362 കോടി രൂപയാണ്. 33 രാജ്യങ്ങൾ സന്ദർശിക്കാനാണ് ഇത്രയും തുക ചെലവഴിച്ചത്. 2024 ൽ 16 രാജ്യങ്ങൾ സന്ദർശിക്കാൻ 109 കോടി ചിലവിട്ടു. 2023 ൽ 98 കോടിയും 2022 ൽ 55.86 കോടിയും 2021 ൽ 36 കോടിയും ചെലവിട്ടു. ഈജിപ്ത് യാത്രയുടെ പരസ്യത്തിന് മാത്രം 12 കോടി ചെലവിട്ടു.


പാർലമെന്റിന്റെ മൺസൂൺ സമ്മേളനം തുടരുകയാണ്. ജനാധിപത്യത്തെ തന്നെ അപകടപ്പെടുത്തുന്നുവോ എന്ന ആശങ്ക ഉയര്‍ത്തിപ്പിടിച്ച് വലിയ പ്രതിഷേധങ്ങളാണ് അവിടെ നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home