പ്രധാനമന്ത്രി ചെെനയിൽ ; മോദി–ഷി കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി
അമേരിക്കയുടെ പ്രതികാരചുങ്കമുണ്ടാക്കിയ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഷാങ്‌ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കാൻ തിയാൻജിനിലെ ബിൻഹായ് വിമാനത്താവളത്തിൽ എത്തിയ മോദിയെ മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥരും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഏഴു വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ചൈനയിലെത്തുന്നത്. ഞായറാഴ്ച മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തുന്ന കൂടിക്കാഴ്ച നിര്‍ണായകമാണ്. ഇന്ത്യ–ചൈന ബന്ധം പൂർണമായും സാധാരണനിലയിലേക്ക് കൊണ്ടുവരാനും സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തമാക്കാനുമുള്ള തീരുമാനം ഉണ്ടായേക്കും.
അമേരിക്കന്‍ നടപടി ഇന്ത്യയുടെ സാമ്പത്തികരംഗത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ചൈനയടക്കമുള്ള രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താൻ മോദിസർക്കാർ ശ്രമിക്കുന്നത്. സുസ്ഥിര ലോകക്രമത്തിന് ഇന്ത്യ–ചൈന ഐക്യം പ്രധാനമാണെന്ന് നരേന്ദ്രമോദി കഴിഞ്ഞദിവസം ജപ്പാന്‍ സന്ദര്‍ശനത്തിനിടെ പ്രതികരിച്ചു.
അമേരിക്കുടെ തീരുവകൊള്ള സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളിൽ ഷാങ്‌ഹായ് സഹകരണ സംഘടനയ്ക്ക് ആശങ്കകളുണ്ട്. സ്ഥിരാംഗങ്ങൾ ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം ഇതായിരിക്കും.
രണ്ടുദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനുശേഷമാണ് മോദി ചൈനയിലെത്തിയത്. ജപ്പാനുമായി 13 പ്രധാന കരാറുകളില്‍ ഇന്ത്യ ഒപ്പിട്ടു.









0 comments