മോദി ഭരണത്തിൽ രാഷ്‌ട്രീയ സ്വാതന്ത്ര്യം കുറഞ്ഞു


AKSHAY K P
Published on Sep 14, 2025, 03:45 AM | 1 min read
ന്യൂഡൽഹി
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം ഇന്ത്യയിൽ രാഷ്‌ട്രീയ സ്വാതന്ത്ര്യം കുറഞ്ഞെന്ന് റിപ്പോർട്ട്. 2014ൽ നിന്ന് 2024ലെത്തുന്പോൾ ഇന്ത്യയിലെ രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിൽ വൻ ഇടിവുണ്ടായെന്ന് വേൾഡ് അറ്റ്‌ലാന്റിക് കൗൺസിലിന്റെ സർവേ ചൂണ്ടിക്കാട്ടി. 164 രാജ്യങ്ങൾ ഉൾപ്പെട്ട റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ പിന്നോട്ടുപോയത് ഇന്ത്യയാണ്. അഭിപ്രായ സ്വാതന്ത്ര്യം, വിവരങ്ങൾ ലഭിക്കാനുള്ള അവകാശം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയാണ് രാഷ്‌ട്രീയ സ്വാതന്ത്ര്യം എന്നതുകൊണ്ട് അർഥമാക്കുന്നത്.
സ്വാതന്ത്ര്യം, അഭിവൃദ്ധി എന്നീ രണ്ടു മേഖലകൾ തിരിച്ചുള്ള പഠനറിപ്പോർട്ടാണ് വേൾഡ് അറ്റ്‌ലാന്റിക് കൗൺസിൽ പുറത്തുവിട്ടത്. സ്വാതന്ത്ര്യത്തിൽ 95–ാമതും അഭിവൃദ്ധിയിൽ 111–ാമതുമാണ് ഇന്ത്യ.
സ്വാതന്ത്ര്യ സൂചികയിൽ 61.7 പോയിന്റും അഭിവൃദ്ധിയിൽ 55.6 പോയിന്റുമാണ്. ശരാശരിയേക്കാൾ താഴെയാണിത്.
രാഷ്‌ട്രീയം, നിയമം, സാമ്പത്തികം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് രാജ്യങ്ങളിലെ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള സൂചിക തയ്യാറാക്കിയത്. വരുമാനം, ആരോഗ്യം, അസമത്വം, പരിസ്ഥിതി, ന്യൂനപക്ഷങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് അഭിവൃദ്ധി സൂചികയും തയ്യാറാക്കി.









0 comments