print edition ഒളിച്ചുകളി തുടർന്ന് മോദി സർക്കാർ; അദാനിക്ക് 34,000 കോടി ദാനം


സ്വന്തം ലേഖകൻ
Published on Oct 27, 2025, 01:13 AM | 1 min read
ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ 34,000 കോടിരൂപ അദാനി ഗ്രൂപ്പിലേക്ക് ഒഴുക്കാനുള്ള നീക്കത്തിൽ വിശദീകരണം നൽകാതെ ഒളിച്ചുകളി തുടർന്ന് മോദി സർക്കാർ. കടക്കെണിയിലായ അദാനിഗ്രൂപ്പിനെ രക്ഷിക്കാൻ മോദിസർക്കാർ എൽഐസിയിൽ കടുത്ത സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് സഹസ്രകോടികൾ അദാനിഗ്രൂപ്പിന് കൈമാറാൻ തീരുമാനിച്ചതെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്.
വാർത്ത നിഷേധിച്ച് എൽഐസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിലെ ഗുരുതരആരോപണങ്ങളെ പരോക്ഷമായി ശരിവെക്കുന്ന സമീപനമാണുള്ളത്.
അദാനി ഗ്രൂപ്പിൽ വൻനിക്ഷേപം നടത്തിയെന്നതും വൻ നിക്ഷേപങ്ങൾ നടത്താൻ പോകുന്നുവെന്നതും എൽഐസി വാർത്താക്കുറിപ്പിൽ നിഷേധിച്ചിട്ടില്ല.
ആരുടെയും സമ്മർദത്തിന്റെ ഭാഗമായല്ല, സൂക്ഷ്‌മപരിശോധനയ്‌ക്ക് ശേഷമാണ് നിക്ഷേപങ്ങൾ നടത്താറുള്ളതെന്നാണ് പ്രധാന അവകാശവാദം. സൂക്ഷ്‌മപരിശോധനകൾക്ക് ശേഷം ബോർഡ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് അദാനിഗ്രൂപ്പിൽ വന്പൻ നിക്ഷേപങ്ങൾ നടത്തുന്നതെന്ന ധാരണയുണ്ടാക്കാനാണ് എൽഐസിയുടെ ശ്രമം.
അതേസമയം, ഒൗദ്യോഗിക വാർത്താക്കുറിപ്പിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒപ്പോ പേരോ ഇല്ല. കൈവശമുള്ള രേഖകളിൽ പ്രതികരണം ആരാഞ്ഞ് ചോദ്യാവലി നൽകി മൂന്നാഴ്‌ച കഴിഞ്ഞിട്ടും എൽഐസി മറുപടി നൽകിയിട്ടില്ലെന്ന് വാർത്ത റിപ്പോർട്ട് ചെയ്‌ത മാധ്യമപ്രവർത്തകരിൽ ഒരാളായ രവി നായർ പ്രതികരിച്ചു.
ഓഹരിവിപണിയിലെ വലിയ ക്രമക്കേടുകൾ ഉൾപ്പടെയുള്ള അതീവഗുരുതര ആരോപണം നേരിട്ട അദാനിഗ്രൂപ്പിനെ സഹായിക്കാൻ യുഎസ് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും മടിച്ചുനിന്ന അവസ്ഥയിലാണ് മോദി സർക്കാർ ‘മെഗാ കരകയറ്റൽ പദ്ധതി’ക്ക് രൂപംകൊടുത്തത്. എൽഐസി വരെ വിശ്വസിച്ച് വന്പൻ നിക്ഷേപങ്ങൾ നടത്തുന്ന സ്ഥാപനങ്ങളാണ് തങ്ങളുടേതെന്ന അവകാശവാദം ഉന്നയിക്കാൻ ഇൗ നീക്കം അദാനിഗ്രൂപ്പിനെ സഹായിച്ചിട്ടുണ്ട്.









0 comments