ഓപ്പറേഷൻ ഷീൽഡ്: അതിർത്തി സംസ്ഥാനങ്ങളിൽ നടത്താനിരുന്ന മോക് ഡ്രിൽ മാറ്റിവച്ചു

എഐ പ്രതീകാത്മകചിത്രം
ന്യൂഡൽഹി : ഓപ്പറേഷൻ ഷീൽഡ് എന്ന പേരിൽ അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ന് നടത്താനിരുന്ന മോക് ഡ്രിൽ മാറ്റിവച്ചു. രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് മോക് ഡ്രിൽ നടത്താൻ തീരുമാനിച്ചിരുന്നത്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലാണ് ഓപ്പറേഷൻ ഷീൽഡ് എന്ന പേരിൽ മോക് ഡ്രിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സാങ്കേതിക കാരണങ്ങളാലാണ് മോക്ഡ്രിൽ മാറ്റിയതെന്നാണ് റിപ്പോർട്ട്.
അതിർത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് സിവിൽ ഡിഫൻസ് മോക് ഡ്രില്ലിൽ പരിശീലിക്കുക. പ്രാദേശിക സിവിൽ ഡിഫൻസ് ടീമുകൾ, പൊലീസ്, ദുരന്ത നിവാരണ സേനകൾ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ മോക്ഡ്രില്ലിൽ പങ്കെടുക്കുമെന്നായിരുന്നു സംസ്ഥാന ഭരണകൂടങ്ങൾ അറിയിച്ചിരുന്നത്. രാജസ്ഥാനിലും ഗുജറാത്തിലും എക്സൈസ് നടത്താനിരുന്ന മോക് ഡ്രില്ലും മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. രാജ്യവ്യാപകമായി മെയ് ഏഴിന് മോക് ഡ്രിൽ നടത്തിയിരുന്നു. പഞ്ചാബ് സർക്കാർ സിവിൽ ഡിഫൻസ് മോക്ഡ്രിൽ ജൂൺ 3 ന് നടത്തുമെന്ന് അറിയിച്ചതായും വിവരമുണ്ട്.









0 comments