വ്യത്യസ്‌ത മതവിഭാഗത്തിൽ പെട്ട യുവതിയുമായി സംസാരിച്ചു; മഹാരാഷ്‌ട്രയിൽ യുവാവിനെ അടിച്ചുകൊന്നു

സുലെമാൻ റഹീം ഖാൻ പത്താൻ. PHOTO: Facebook
മുംബൈ: വ്യത്യസ്‌ത മതവിഭാഗത്തിൽ പെട്ട യുവതിയുമായി സംസാരിച്ചതിനാൽ മഹാരാഷ്‌ട്രയിൽ 21 വയസുള്ള മുസ്ലീം യുവാവിനെ സംഘപരിവാർ ബന്ധമുള്ളവർ അടിച്ചുകൊന്നു. ജൽഗാഓൺ ജില്ലയിലാണ് സുലെമാൻ റഹീം ഖാൻ പത്താൻ എന്നയാളെ വ്യത്യസ്‌ത മതവിഭാഗത്തിൽ പെട്ട യുവതിയെ പ്രണയിച്ചു എന്നാരോപിച്ച് സംഘപരിവാർ അനുകൂലികൾ കൊലപ്പെടുത്തിയത്. സുലെമാനെ അയാളുടെ ഗ്രാമത്തിലെത്തിച്ച് അക്രമികൾ കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാനെത്തിയ സഹോദരിയും അമ്മയും അച്ഛനും ഉൾപ്പെടുന്ന കുടുംബാംഗങ്ങൾക്കും മർദനമേറ്റു.
തിങ്കളാഴ്‌ചയുണ്ടായ സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ നാല് പേരെ ചൊവ്വാഴ്‌ച റിമാൻഡ് ചെയ്തു. അഭിഷേക് രാജ്കുമാർ രാജ്പുത് (22), സൂരജ് ബിഹാരി ലാൽ ശർമ എന്ന ഘൻശ്യാം (25), ദീപക് ബാജിറാവു (20), രഞ്ജത് എന്ന രഞ്ജിത് രാമകൃഷ്ണ മതാഡെ (48) എന്നിവരാണ് റിമാൻഡിലായത്.
ഛോട്ടാ ബേട്ടാവത്ത് ഗ്രാമത്തിൽ നിന്ന് 15 കി.മീ അപ്പുറമുള്ള ജാംനറിലെ ഒരു കഫെയിലിരുന്ന് പെൺകുട്ടിയോട് സംസാരിക്കുന്നത് കണ്ട യുവാവിനെ അക്രമികൾ മർദിക്കുകയായിരുന്നു. കടയുടമയുടെ നിർദേശമനുസരിച്ചാണ് അക്രമികൾ സ്ഥലത്തെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയോട് സംസാരിക്കുന്നത് കണ്ട യുവാവിനെ അക്രമികൾ മർദിക്കുകയും ജാംനറിൽ നിന്ന് തിരിച്ച് ഗ്രാമത്തിലേക്ക് എത്തിക്കുകയുമായിരുന്നു. അവിടെ നിന്ന് അക്രമികൾ യുവാവിനെ ഗ്രാമത്തലൂടെ നടത്തിക്കുകയും ചെയ്തു.
മരിച്ചു എന്ന നിലയിലായപ്പോൾ അക്രമികൾ വീടിന് മുന്നിൽ യുവാവിനെ ഉപേക്ഷിക്കുകയായിരുന്നു. അക്രമത്തെത്തുടർന്ന് സുലെമാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് റിക്രൂട്ട്‌മെന്റിന് അപേക്ഷ നൽകുന്നതിനായാണ് യുവാവ് ജാംനറിലെത്തിയത്.
ഇരുമ്പുകമ്പികളും വടിയും ഉപയോഗിച്ചായിരുന്നു മർദനമെന്ന് യുവാവിന്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകൻ ആരുമായും പ്രണയത്തിൽ ആയിരുന്നില്ല എന്നും പിതാവ് റഹീം ഖാൻ പത്താൻ കൂട്ടിച്ചേർത്തു.









0 comments