കാർഗിൽ യുദ്ധഭടന്റെ വീട്ടിൽ സംഘപരിവാർ പൗരത്വ വിചാരണ; കേസ് എടുക്കാതെ പൊലീസ്

ഫോട്ടോ കടപ്പാട് നവഭാരത് ടൈസ്
പൂനെ: കാർഗിൽ യുദ്ധഭടന്റെ കുടുംബ വീട്ടിൽ പൊലീസുകാരുടെ നേതൃത്വത്തിൽ എത്തിയ സംഘപരിവാർ സംഘത്തിന്റെ പൗരത്വ വിചാരണ. പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടെത്തിയ 70 അംഗ സംഘം രാത്രിയിൽ കുടുംബത്തെ വിളിച്ചിറക്കി. രേഖകൾ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തിച്ച് മണിക്കൂറുകളോളം തടഞ്ഞു വെച്ചു.
പൂനെയിലെ ചന്ദൻ നഗറിലാണ് സംഭവം. വിവാദമായതോടെ പുറത്തറിയിക്കരുത് എന്നറിയിച്ച് തിരിച്ചയച്ചു. അക്രമി സംഘത്തിനെതിരായി നൽകിയ പരാതിയിൽ ആദ്യം കേസ് എടുക്കാൻ തയാറായില്ലെന്ന് കുടുംബം പരാതിപ്പെട്ടു.
2000 ൽ എന്‍ജിനീയേഴ്‌സ് കോറിൽ ഹവിൽദാറായി വിരമിച്ച ഹക്കിമുദ്ദീൻ ഷെയ്ഖിന്‍റെ കുടുംബ വീട്ടിലാണ് ആൾക്കൂട്ടം ഇരച്ചെത്തിയത്. ബംഗ്ലാദേശി പൗരന്മാരാണെന്ന് ആരോപിച്ച് ഇവർ സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തി. ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ റോഹിൻഗ്യകളായി പ്രഖ്യാപിക്കും എന്ന് ഭയപ്പെടുത്തി. സംഘം തോക്കെടുത്ത് ഭീഷണിപ്പെടുത്തിയിട്ടും കൂട്ടത്തിൽ സാധാരണ വേഷത്തിൽ ഉണ്ടായിരുന്ന പൊലീസുകാർ ഒന്നും ചെയ്തില്ലെന്ന് ഹക്കിമുദ്ദീന്റെ സഹോദരൻ ഇര്‍ഷാദ് പിടിഐയോട് വെളിപ്പെടുത്തി.
'ഞങ്ങള്‍ ഇന്ത്യക്കാരാണ്. എന്റെ മൂത്ത ഹക്കീമുദ്ദീൻ യുപിയിലാണ് താമസിക്കുന്നത്. ഞാനും മറ്റ് രണ്ട് സഹോദരന്മാരും അവരുടെ കുട്ടികളും പതിറ്റാണ്ടുകളായി പൂനെയിലെ ചന്ദൻ നഗറിലാണ്’ ‘അർദ്ധരാത്രി ഒരു ജനക്കൂട്ടം മുൻവാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ ചിലർ അതിക്രമിച്ചു കയറി. ആധാർ കാർഡുകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ രേഖകൾ കാണിച്ചു. പക്ഷേ അത് വ്യാജമെന്ന് ആരോപിച്ച് സ്ത്രീകളോടും കുട്ടികളോടും അവരുടെ ആധാർ കാർഡുകൾ കാണിക്കാൻ ആവശ്യപ്പെട്ടു’ – ഇർഷാദ് പറഞ്ഞു.
കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ആധാർ കാർഡുകൾ പിടിച്ചെടുത്തുവെന്നും പുലർച്ചെ വരെ രണ്ടുമണിക്കൂർ സ്റ്റേഷനില്‍ തന്നെ ഇരുത്തിയശേഷം അടുത്ത ദിവസം വീണ്ടും വരാന്‍ പറഞ്ഞ് വിട്ടതായും ഇർഷാദ് പറയുന്നു. വീണ്ടും എത്തിയില്ലെങ്കിൽ തങ്ങളെ റോഹിൻഗ്യൻ പൗരന്മാരായി പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. അടുത്ത ദിവസം പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോൾ ആധാര്‍ കാര്‍ഡുകള്‍ തിരിച്ചുനല്‍കി. സംഭവം ഒരു പ്രശ്നമാക്കരുതെന്നും പരാതി നൽകരുതെന്നും ആവശ്യപ്പെട്ടെന്നും ഇർഷാദ് പറഞ്ഞു.
ന്യായീകരിച്ച് പൊലീസ്
പുനെയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരെ നടപടി പുരോഗമിക്കുകയാണ്. അതിന്‍റെ ഭാഗമായായിരുന്നു പരിശോധന എന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സോമയ് മുണ്ടെ വിശദീകരിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറിയ തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും എന്നാൽ രേഖകൾ പരിശോധിക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥരെ അയച്ചതായും അദ്ദേഹം സമ്മതിച്ചു.
വീടിന് പുറത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ പുറത്ത് ആൾക്കൂട്ടം തടിച്ചുകൂടിയത് വ്യക്തമാണ്. ജയ് ശ്രീറാം വിളികളോടെ ഹിന്ദു സംഘടനയുടെ പേരിലാണ് സംഘം എത്തി വിചാരണ നടത്തിയത്. സംഘത്തോടൊപ്പം മഫ്തിയില്‍ പൊലീസുകാരുമുണ്ടായിരുന്നു. പരാതി നൽകിയിട്ടും തുടക്കത്തിൽ കേസ് എടുക്കാൻ വിസമ്മതിച്ചു.

ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ച ഭടന്റെ കുടുംബം
തന്റെ കുടുംബം 60 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്നവരാണെന്നും തന്റെ മൂത്ത സഹോദരനും രണ്ട് അമ്മാവന്മാരും സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും സംഘപരിവാർ സംഘത്തോട് വിശദീകരിക്കാൻ ശ്രമിച്ചതായി ഇർഷാദ് ഷെയ്ഖ് പറഞ്ഞു. 1971 ലെ പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ തന്‍റെ ഒരു അമ്മാവന് പരുക്കേല്‍ക്കുകയും ധീരതയുടെ മെഡൽ ലഭിച്ചതായും അവരെ അറിയിച്ചു. 1965 ലെ യുദ്ധത്തിൽ പോരാടിയയാളാണ് മറ്റൊരു അമ്മാവന്‍. ഇക്കാര്യം എല്ലാം പറഞ്ഞിട്ടും പൊലീസും സംഘപരിവാർ കൂട്ടവും പിന്തിരിഞ്ഞില്ല. ഹക്കീമുദ്ദീന്‍ ഷെയ്ഖിന്റെ കുടുംബത്തിലെ രണ്ടുപേര്‍ കൂടി സൈനികരാണ്.
ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ നിന്നുള്ള കുടുംബമാണിത്. 1960 മുതൽ അവർ പൂനെയിലാണ് താമസിക്കുന്നത്.
വിവാദമായതോടെ ഇടപടെൽ
സംഭവം വിവാദമായതോടെ സൈനികന്റെ കുടുംബത്തെ പൂനെ സിറ്റി പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ സന്ദർശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.









0 comments