തമിഴ്‌നാട്ടിൽ വീണ്ടും ഗവർണർ - സർക്കാർ പോര്; തങ്ങൾ പോരാടുന്നത് മതഭ്രാന്തുള്ളവർക്കെതിരെയെന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ഗവർണർ - സർക്കാർ പോര്. സർക്കാരിന്റെ 'തമിഴ്നാട് പൊരുതും, തമിഴ്നാട് ജയിക്കും' ക്യാമ്പയിനെതിരെയാണ് ഗവർണർ ആർ എൻ രവിയുടെ വിമർശനം. തിരുവരുത്പ്രകാശ വള്ളാളരുടെ 202-ാമത് അവതാര ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു. ഗവർണർ. തമിഴ്നാട് പൊരുതും എന്ന് താൻ വഴിയിലുടനീളം പോസ്റ്ററുകൾ കാണുന്നു എന്നും ആർക്കെതിരെയാണ് പൊരുതുന്നതെന്നും ഗവർണർ ചോദിച്ചു.
പൊരുതാൻ തമിഴ്‌നാടിന് ശത്രുവോ സംഘർഷമോ ഇല്ലാത്ത സാഹചര്യത്തിൽ ആരോടാണ് പൊരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഗവർണർക്ക് മറുപടിയായി തമിഴ്നാട് പൊരുതുന്നത് തലച്ചോറിൽ മതഭ്രാന്തുള്ളവർക്കെതിരെയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്റെ എക്‌സിൽ കുറിച്ചു. അധികാരത്തിന് അപ്പുറത്തേക്ക് കടന്നുകയറുന്ന ഗവർണർക്കെതിരെയാണ് പോരാട്ടം. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെയും പാഠപുസ്തകങ്ങളിൽ പോലും ചരിത്രത്തെയും ശാസ്ത്രത്തെയും വളച്ചൊടിക്കുന്നവർക്കെതിരെയും പോരാടും.
വിദ്യാർത്ഥികളിൽ ശാസ്ത്രചിന്ത വികസിപ്പിക്കുന്നതിന് പകരം അശാസ്ത്രീയത കുത്തിക്കയറ്റി യുവതയെ നൂറ്റാണ്ടുകൾ പിന്നിലേക്ക് നടത്തുന്നവർക്കെതിരെ പോരാടും. മനുസ്മൃതിയിലെ നിയമങ്ങൾ നടത്താൻ ശ്രമിക്കുന്നവർക്കെതിരെയും വികസനത്തെ ഇല്ലായ്മ ചെയ്യുന്നവർക്കെതിരെയും ഭരണഘടനയുടെ അന്തസ് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയും തമിഴ്നാട് പോരാടുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.









0 comments