മിഗ് -21വിമാനങ്ങൾ വിരമിക്കുന്നു; ആറ് പതിറ്റാണ്ടിന്റെ സേവനം 26ന് അവസാനിക്കും

ചണ്ഡിഗഡ്: ആറ് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം മിഗ് 21വിമാനങ്ങൾ വിരമിക്കുന്നു. വെള്ളിയാഴ്ചയാണ് വിരമിക്കൽ ചടങ്ങ് നടക്കുന്നത്. ഇതിന് മുന്നോടിയായി ബുധനാഴ്ച ചണ്ഡീഗഡ് വ്യോമതാവളത്തിൽ ഫുൾ ഡ്രസ് റിഹേഴ്സൽ നടന്നു.
മിഗ്-21 വിമാനം ചണ്ഡീഗഢ് വ്യോമതാവളത്തിന് മുകളിലൂടെ പറന്ന് വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തി. എയർ വാരിയേഴ്‌സ് ഡ്രില്ലിന്റെ പ്രദർശനം, സൂര്യ കിരൺ എയറോബാറ്റിക് ടീമിന്റെ വ്യോമ പ്രകടനം, ആകാശ് ഗംഗ ടീമിന്റെ പാരാ-ലാൻഡിംഗ് എന്നിവയും ചടങ്ങിൽ പ്രദർശിപ്പിച്ചു. പൂർണ്ണ ഡ്രസ് റിഹേഴ്‌സലിന്റെ സമാപനമായി വാട്ടർ സല്യൂട്ട് നൽകി.
മിഗ് - 21 വിമാനങ്ങൾക്ക് ചണ്ഡിഗഡ് വ്യോമതാവളത്തിൽ വാട്ടർ സല്യൂട്ട് നൽകുന്നു
മിഗ്-21 പറത്തിയ പൈലറ്റുമാർക്ക് ഇത് ഒരു വൈകാരിക നിമിഷമാണെന്ന് വ്യോമസേന വക്താവ് വിങ് കമാൻഡർ ജയ്ദീപ് സിങ് പറഞ്ഞു. 1963ലാണ് ഇന്ത്യൻ വ്യോമസേനയിൽ മിഗ്-21 വിമാനങ്ങൾ ഉൾപ്പെടുത്തുന്നത്. 1965 ലെ യുദ്ധ പ്രവർത്തനങ്ങളിൽ ഈ ഐക്കണിക് യുദ്ധവിമാനം പങ്കെടുത്തു. 1971 ലെ യുദ്ധത്തിൽ മിഗ്-21 പൂർണ്ണമായും വിന്യസിക്കപ്പെട്ടു. തേജ് ഗാവോണിലും കുർമിറ്റോള വ്യോമതാവളത്തിലും ബോംബിങ് നടത്താൻ വിമാനങ്ങൾ ഉപയോഗിച്ചു.
സോവിയേറ്റ് യൂണിയനിലെ മിക്കോയാൻ-ഗുരെവിച്ച് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത സൂപ്പർസോണിക് ജെറ്റ് യുദ്ധ വിമാനവും ഇന്റർസെപ്റ്റർ വിമാനവുമാണ് മിഗ് 21. നാല് ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങൾ മിഗ് -21 പറത്തിയിട്ടുണ്ട്. വ്യോമയാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ട സൂപ്പർസോണിക് ജെറ്റ് വിമാനമാണിത്.
ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ ബാലാകോട്ട്, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ സൈനിക പ്രവർത്തനങ്ങളിൽ വിർണായക പങ്കുവഹിച്ചു. ഇന്ത്യൻ വ്യോമസേനയിൽ എണ്ണത്തിലും ശക്തിയിലും സേവനകാലത്തിലും ഏറ്റവും ഉയർന്ന വിമാനം മിഗ് 21 തന്നെ. ആറ് പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിക്കുന്ന യുദ്ധവിമാനങ്ങളാണ് വിരമിക്കുന്നത്.









0 comments