അധ്യാപകരുടെ മാനസിക പീഡനം; യുപിയിലെ സർവകലാശാലയിൽ വിദ്യാർഥി ജീവനൊടുക്കി

വിദ്യാർഥിയുടെ മരണമറിഞ്ഞ സർവകലാശാല വിദ്യാർഥികൾ ഹോസ്റ്റലിന് മുന്നിൽ പ്രതിഷേധിക്കുന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ശാരദ സർവകലാശാലയിൽ വിദ്യാർഥി ജീവനൊടുക്കി. രണ്ടാം വർഷ ബിഡിഎസ് വിദ്യാർഥി ജ്യോതിയാണ് തൂങ്ങി മരിച്ചത്. സർവകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ആണ് ജ്യോതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പെൺകുട്ടിയുടെ മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സർവകലാശാല ഡെന്റൽ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർ വിദ്യാർഥിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് കത്തിലുള്ളതായാണ് വിവരം. സമീപ ദിവസങ്ങളിൽ ജ്യോതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
ജ്യോതിയുടെ മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് ( ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്)
സംഭവത്തിൽ ന്യായമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ സർവകലാശാലയിൽ പ്രതിഷേധിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മുറി പരിശോധിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
വിദ്യാർഥിയുടെ ബന്ധുക്കളും സഹപാഠികളും വെള്ളിയാഴ്ച രാത്രി തന്നെ ഹോസ്റ്റലിൽ എത്തിയിരുന്നു. എന്നാൽ ബന്ധുക്കളും പൊലീസും എത്തുന്നതിന് മുമ്പ് വാര്‍ഡൻ ഹോസ്റ്റൽ മുറിയിൽ കയറി പരിശോധന നടത്തിയെന്നും വിദ്യാർഥിയുടെ മൃതദേഹം സ്ഥലത്ത് നിന്നും മാറ്റി എന്നും ആരോപണമുണ്ട്. സംഭവത്തിൽ വിദ്യാർഥികളും ബന്ധുക്കളും സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.









0 comments