മെഡിക്കൽ അഴിമതി: പ്രതിക്കൂട്ടിൽ സംഘപരിവാർ അനുകൂലികൾ

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ വമ്പൻ അഴിമതിയിലും ക്രമക്കേടുകളിലും സിബിഐ നടത്തിയ അന്വേഷണത്തിൽ കുടുങ്ങിയത് സംഘപരിവാർ ബന്ധമുള്ളവർ. മുൻ യുജിസി ചെയർമാൻ ഡി പി സിങ്, സ്വയംപ്രഖ്യാപിത ആൾദൈവവും റാവത്പുര ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ രവിശങ്കർ മഹാരാജ്, ആരോഗ്യ മന്ത്രാലയം, നാഷണൽ മെഡിക്കൽ കമീഷൻ (എൻഎംസി) ഉദ്യോഗസ്ഥർ, ഇടനിലക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളുടെ പ്രതിനിധികൾ ഉൾപ്പെടെ 34 പേർക്കെതിരെ സിബിഐ കേസെടുത്തു.
സ്വകാര്യ മെഡിക്കൽ കോളേജുകളടക്കമുള്ള മെഡിക്കൽ സ്ഥാപനങ്ങളിൽ എൻഎംസിയുടെ പരിശോധന എന്നാണെന്ന് ചോർത്തി നൽകി നടപടി അട്ടിമറിച്ചെന്നാണ് ആരോപണം.2024 മുതൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) ചാൻസലറായി പ്രവർത്തിക്കുന്ന ഡി പി സിങ് 2018 മുതൽ 2021 വരെ യുജിസി ചെയർമാനും അതിന് മുമ്പ് നാക് ഡയറക്‌ടറുമായിരുന്നു. ദേശീയ വിദ്യാഭ്യാസനയ രൂപീകണസമിതി അംഗവുമായിരുന്നു. ഡി പി സിങ് ചാൻസലറായിക്കെയാണ് 2024 ഏപ്രിലിൽ ടിസ്സിൽനിന്ന് ഗവേഷകനും എസ്‌എഫ്‌ഐ നേതാവുമായ രാമദാസിനെ കേന്ദ്രസർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌തത്. സ്വയം പ്രഖ്യാപിത ആൾദൈവം രവിശങ്കർ മഹാരാജ് സ്വന്തം സ്ഥാപനത്തിന് അംഗീകാരം ലഭിക്കാൻ ഡി പി സിങ്ങുമായി ബന്ധപ്പെട്ടിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന് അനുകൂലമായ പരിശോധനാ റിപ്പോർട്ട് നൽകാൻ 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് മൂന്ന് എൻഎംസി ഡോക്‌ടർമാർ ഉൾപ്പെടെ എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. പണം വാങ്ങി സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുകൂലമായി തീരുമാനങ്ങളെടുത്തു, രഹസ്യവിവരങ്ങൾ അനധികൃതമായി പങ്കുവച്ചു, പരിശോധനകളിൽ കൃത്രിമം കാണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ കണ്ടെത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 61(2), അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, 8, 9, 10, 12 എന്നിവ പ്രകാരമാണ് സിബിഐ കേസ്.









0 comments