രാഷ്ട്രപതി ഭരണം ; കേന്ദ്രത്തെ വിമർശിച്ച്‌ മെയ്‌ത്തീ സംഘടനകൾ ,  സ്വാഗതം ചെയ്‌ത്‌ 
 കുക്കി സംഘടനകൾ

Manipur President's Rule
വെബ് ഡെസ്ക്

Published on Feb 15, 2025, 03:19 AM | 1 min read


ന്യൂഡൽഹി : മണിപ്പുരിൽ രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിച്ച കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച്‌ മെയ്‌ത്തീ സംഘടനകൾ. തികച്ചും അന്യായമായി അതിവേ​ഗത്തില്‍ അടിച്ചേൽപ്പിച്ച രാഷ്ട്രപതി ഭരണം മണിപ്പുരിനെ കൂടുതൽ പ്രശ്‌നങ്ങളിലേക്ക്‌ തള്ളിവിടാനുള്ള ആസൂത്രിത ഗൂഢാലോചനയാണെന്ന്‌ ആറ്‌ മെയ്‌ത്തീ സംഘടനകളുടെ കൂട്ടായ്‌മയായ ‘കോർഡിനേറ്റിങ്‌ കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി’ പ്രതികരിച്ചു. അതേ സമയം കുക്കി സംഘടനകൾ രാഷ്ട്രപതി ഭരണത്തെ സ്വാഗതം ചെയ്‌തു.


രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക വഴി കേന്ദ്രസർക്കാരിന്റെ ലക്ഷ്യങ്ങൾ സംബന്ധിച്ച്‌ ഗുരുതര ചോദ്യങ്ങൾ ഉയരുകയാണെന്ന്‌ കോർഡിനേറ്റിങ്‌ കമ്മിറ്റി പ്രതികരിച്ചു. ശരിയായ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിന്‌ പകരം സ്വന്തം എംഎൽഎമാരുടെ കഴിവുകേടിനെയാണ്‌ കേന്ദ്രസർക്കാർ പഴിക്കുന്നത്‌. കൃത്യമായ വിശദീകരണമില്ലാതെയുള്ള മുഖ്യമന്ത്രിയുടെ നിർബന്ധിത രാജി ജനാധിപത്യതത്വങ്ങളോട്‌ കാട്ടുന്ന വഞ്ചനയാണ്‌. ഇത്‌ മണിപ്പുരിന്റെയോ അവിടുത്തെ ജനങ്ങളുടെയോ ക്ഷേമം ലക്ഷ്യമിട്ടുള്ള തീരുമാനമല്ല. മണിപ്പുരിലെ പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമാക്കാനുള്ള ആസൂത്രിത നീക്കമാണ്‌.

സുഗമമായ ഭരണകൈമാറ്റം ഉറപ്പാക്കുന്നതിന്‌ ഒരു ബദൽ നേതാവിനെപോലും കണ്ടെത്താതെയാണ്‌ മുഖ്യമന്ത്രിയുടെ രാജി വാങ്ങിയത്‌.


മെയ്‌ത്തീ വിഭാഗത്തെ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിർത്താനുള്ള ഗൂഢാലോചനയുടെ കൂടി ഭാഗമായാണ്‌ രാഷ്ട്രപതി ഭരണം–- കോർഡിനേറ്റിങ്‌ കമ്മിറ്റി കുറ്റപ്പെടുത്തി.


അതേ സമയം രാഷ്ട്രപതി ഭരണത്തെ കുക്കി സംഘടനയായ ഗോത്ര നേതാക്കൾക്കായുള്ള ദേശീയ വേദി (ഐടിഎൽഎഫ്‌) സ്വാഗതം ചെയ്‌തു. കുക്കികൾക്ക്‌ മെയ്‌ത്തീകളെ വിശ്വാസമില്ല.


മെയ്‌ത്തീ വിഭാഗത്തിൽനിന്ന്‌ പുതിയൊരു മുഖ്യമന്ത്രി വരുന്നതിനേക്കാൾ നല്ലത്‌ രാഷ്ട്രപതി ഭരണമാണ്‌–- ഐടിഎൽഎഫ്‌ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home