മഹാരാഷ്ട്രയിൽ ഗില്ലൻബാരേ സിൻഡ്രോം ബാധിച്ചതായി സംശയിക്കുന്നയാൾ മരിച്ചു

പൂണെ: മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ ഗില്ലൻബാരേ സിൻഡ്രോം (ജിബിഎസ്) ബാധിച്ചതായി സംശയിക്കുന്നയാൾ മരിച്ചു. പൂണെയിൽ ജിബിഎസ് ബാധിച്ചവരുടെ എണ്ണം 100 കടന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
മഹാരാഷ്ട്രയിൽ ജിബിഎസ് ബാധിച്ചതായി സംശയിക്കുന്ന ആദ്യ മരണമാണിത്. സോളാപൂർ സ്വദേശിയായ ഇയാൾ പൂണെയിൽ എത്തിയിരുന്നു. അവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു. പൂണെയിലെ മൊത്തം 101 ജിബിഎസ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അതിൽ 68 പുരുഷന്മാരും 33 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ 16 രോഗികൾക്ക് വെന്റലേറ്ററിന്റെ സഹായം ആവശ്യമാണ്.
മനുഷ്യരുടെ രോഗപ്രതിരോധശക്തി സ്വന്തം നാഡീവ്യൂഹത്തെ തന്നെ ‘അബദ്ധവശാൽ’ ആക്രമിക്കുന്ന ഗുരുതര അവസ്ഥയാണിത്. ആദ്യം കാലുകളിലെയും പിന്നീട് ഉടലിലെയും പേശികളെ രോഗം തളർത്തും. മുഖത്തെ പേശികൾ ചലിപ്പിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകാം.
ഗില്ലൻബാരേ രോഗം
പേശികളിലെ ബലക്ഷയമാണ് ആദ്യ ലക്ഷണം. കാലുകളിൽനിന്ന് തുടങ്ങി ശരീരത്തിന്റെ മേൽഭാഗത്തേക്കും പിന്നീട് കൈകളെയും മുഖത്തെയും ബാധിക്കാം. നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. കൈകാലുകളിൽ ആരെങ്കിലും സ്പർശിച്ചാലും തിരിച്ചറിയാൻ കഴിയില്ല. രോഗം ഗുരുതരമായാൽ നെഞ്ചിലെ പേശികൾ തളരുകയും ശ്വാസമെടുക്കാൻ പ്രയാസം അനുഭവപ്പെടുകയും ചെയ്യാറുണ്ട്. സംസാരിക്കാനും ഭക്ഷണം ചവച്ചിറക്കാനും ബുദ്ധിമുട്ടുണ്ടാകാം. ലക്ഷണങ്ങൾ ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കും. എത്രയും വേഗം ചികിത്സ തേടിയാൽ പൂർണമായും മാറ്റിയെടുക്കാം. ഗില്ലൻബാരോഗത്തിന്റെ കൃത്യമായ കാരണം എന്തെന്ന് കണ്ടെത്താനായിട്ടില്ല. പൊതുവേ ഏതെങ്കിലുമൊരു അണുബാധയുടെ പിന്തുടർച്ചയായായാണ് രോഗമുണ്ടാകുന്നത്. ഭക്ഷ്യവിഷബാധ, സാധാരണ പകർച്ചപ്പനികൾ, ഹെർപീസ് വൈറസുകൾ, സിക വൈറസ് ബാധ എന്നിവയുടെ അനന്തരഫലമായി ഈ രോഗം കണ്ടുവരാറുണ്ട്.
പേശികളുടെ കരുത്തും പ്രതികരണശേഷിയും വിലയിരുത്തിയാണ് ഡോക്ടർമാർ രോഗസാധ്യത കണ്ടെത്തുന്നത്. ലംബാർപഞ്ചർ, നെർവ്കണ്ടക്ഷൻ സ്റ്റഡി, ഇലക്ട്രോ മയോഗ്രഫി തുടങ്ങിയ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം. ഗാംഗ്ലിയോസൈഡ് ആന്റിബോഡി ടെസ്റ്റുകളും രോഗനിർണയത്തിന് ഉപയോഗിക്കുന്നു.









0 comments