സഹോദരഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിലേയ്‌ക്ക് പോയ യുവാവ് അറസ്റ്റിൽ

കൊൽക്കത്ത: ബംഗാളിൽ സഹോദരന്റ ഭാര്യയുടെ തല വെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് പോയ യുവാവ് അറസ്റ്റിൽ. ബിമൽ മൊണ്ടൽ എന്ന യുവാവാണ് പിടിയിലായത്. ബിമലിന്റെ സഹോദരന്റെ ഭാര്യ സതി മൊണ്ടൽ ആണ് കൊല്ലപ്പെട്ടത്. ബംഗാളിലെ സൗത്ത് 24 പർഗാനാസിലാണ് സംഭവം.
ഇന്ന് രാവിലെ ഒരു കൈയിൽ തന്റെ സഹോദരഭാര്യയുടെ വെട്ടിമാറ്റിയ തലയും മറുകൈയിൽ വെട്ടുകത്തിയുമായി പൊതുനിരത്തിലൂടെ ബിമൽ നടക്കുന്നതുകണ്ട് പ്രദേശ വാസികളും യാത്രക്കാരും പരിഭ്രാന്തരായി. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോകുന്നതിനിടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബസന്തി പൊലീസെത്തി ബിമലിനെ പിടികൂടുകയായിരുന്നു.
സതിയുടെ മൃതദേഹം ബിമൽ വീടിനടുത്തുള്ള വയലിൽ ഉപേക്ഷിച്ചതായാണ് വിവരം. പൊലീസ് സ്റ്റേഷന് അഞ്ച് കിലോമീറ്റര്‍ അകലെ നിന്നാണ് ബിമലിനെ പൊലീസ് പിടികൂടിയത്.
ബിമലിന്റെ മൂത്ത സഹോദരൻ ഒമ്പത് മാസം മുമ്പാണ് മരിച്ചത്. സതിയും ബിമലും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നതായും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.









0 comments