5 ജഡ്ജിമാര്‍ 17 വര്‍ഷം ; കോടതി കയറിയിറങ്ങി തോറ്റ നീതി

മുംബൈ
പതിനേഴ് വർഷം നീണ്ട കേസ്. അഞ്ചു ജഡ്‌ജിമാര്‍. ഒടുവിൽ സംശയാതീതമായി തെളിയിക്കാനായില്ലെന്ന് പറഞ്ഞ് പ്രതികൾക്ക് ക്ലീൻ ചിറ്റ്. ജഡ്‌ജിമാരെ അടിക്കടി മാറ്റിയതും വിചാരണ വൈകിയതും ഹിന്ദുത്വ തീവ്രവാദികള്‍ പ്രതിസ്ഥാനത്ത് വന്ന ഭീകരാക്രമണക്കേസിൽ നീതി നിഷേധിക്കപ്പെടാൻ ഇടയാക്കിയെന്ന വിമര്‍ശം ശക്തം. സാക്ഷിപറയാൻ ഇത്രയും കാലം പരിക്കേറ്റവര്‍ അടക്കം പലതവണ മാലേഗാവിൽനിന്ന് കിലോമീറ്ററുകള്‍ താണ്ടി മുംബൈയിലെത്തി.
വൈ ഡി ഷിൻഡെയാണ് ആദ്യം കേസ് പരിഗണിച്ചത്. പ്രഗ്യാസിങ്, പുരോഹിത് അടക്കമുള്ള പ്രതികളെ റിമാൻഡ് ചെയ്‌ത ഷിൻഡെ പ്രതികള്‍ക്കെതിരെ ഉണ്ടായിരുന്ന മക്കോക്ക നിയമം റദ്ദാക്കി. പിന്നീട് ബോംബെ ഹൈക്കോടതി മക്കോക്ക പുനഃസ്ഥാപിച്ചു. ഷിൻഡെയ്‌ക്കുശേഷം 2015 മുതൽ 2018വരെ എസ് ടി ടെകലെ വന്നു. പ്രഗ്യാസിങ്ങിന് എൻഐഎ നൽകിയ ക്ലീൻചിറ്റ് തള്ളിയത് ഇദ്ദേഹമാണ്. വിചാരണ നേരിടാൻ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. വാര്‍ഷിക സ്ഥലംമാറ്റത്തിൽ ഉള്‍പ്പെട്ട് ടെകലെ പോയതോട വി എസ് പദൽക്കര്‍ വന്നു. 2018 ഒക്‌ടോബറിൽ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. ഇദ്ദേഹത്തിന്റെ കാലത്താണ് വിചാരണ തുടങ്ങിയത്.
2020ൽ വിരമിച്ചതോടെ ജസ്‌റ്റിസ് പി ആര്‍ സിത്ര വന്നു. കോവിഡ് കാലത്ത് വിചാരണ തടസ്സപ്പെട്ടു. 100 സാക്ഷികളെ അദ്ദേഹം വിസ്‌തരിച്ചു. 2022ൽ അദ്ദേഹത്തെ സ്ഥലം മാറ്റി. ഇരകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. തുടര്‍ന്ന് 2022 ജൂണിലാണ് എ കെ ലാഹോട്ടി ചുമതലയേൽക്കുന്നത്. വിചാരണ അവസാനഘട്ടത്തിലെത്തി നിൽക്കെ ഈ വര്‍ഷം ഏപ്രിലിൽ അദ്ദേഹത്തെ നാസിക്കിലേക്ക് സ്ഥലംമാറ്റി. ഇരകള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ പ്രത്യേക ജഡ്‌ജിന്റെ കാലാവധി നീട്ടുകയായിരുന്നു.
അനീതിയുടെ നാള്‍വഴി
● 2008 സെപ്‌തംബർ 29: മഹാരാഷ്‌ട്രയിലെ നാസിക്കിലെ മാലേഗാവിൽ പള്ളിക്കടുത്തുണ്ടായ സ്‌ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടു, നൂറിലേറെ പേർക്ക് പരിക്ക്.
● 2008 ഒക്‌ടോബർ21: മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധ സ്വക്വാഡിന് (എടിഎസ്) കേസ് കൈമാറുന്നു.
● 2008 ഒക്‌ടോബർ 23: പ്രഗ്യാ സിങ് ഠാക്കൂർ അടക്കം മൂന്നുപേരെ എടിഎസ് അറസ്റ്റ് ചെയ്യുന്നു. ഹിന്ദുത്വതീവ്രവാദികളാണ് കേസിന് പിറകിലെന്ന് എടിഎസ്.
● 2008 നവംബർ: ലെഫ്. കേണൽ പ്രസാദ് പുരോഹിത് അറസ്റ്റിൽ
● 2009 ജനുവരി 20:യുഎപിഎ, മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണനിയമം എന്നിവ ചുമത്തി എടിഎസ് കുറ്റപത്രം നൽകി
● 2009 ജൂലൈ: കേസിൽ സംഘടിത കുറ്റകൃത്യ നിയന്ത്രണനിയമം ബാധകമല്ലെന്ന് പ്രത്യേക കോടതി
● 2009 ആഗസ്‌ത് : പ്രത്യേക കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി മഹാരാഷ്‌ട്ര സർക്കാർ.
● 2010 ജൂലൈ : പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി സംഘടിത കുറ്റകൃത്യ നിയന്ത്രണനിയമം നിലനൽക്കുമെന്ന് നിരീക്ഷിച്ചു.
● 2011 ഏപ്രിൽ 13: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസന്വേഷണം ഏറ്റെടുത്തു
● 2016 മേയ് 13: പ്രത്യേക കോടതിയിൽ സംഘടിത കുറ്റകൃത്യ നിയന്ത്രണനിയമം ഒഴിവാക്കിയും ഏഴുപേർക്ക് ക്ലീൻചിറ്റ് നൽകിയും എൻഐഎ കുറ്റപത്രം സമർപ്പിച്ചു
● 2017 ഏപ്രിൽ 25: പ്രഗ്യാ സിങ് ഠാക്കൂറിന് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
● 2017 സെപ്‌തംബർ 21: പുരോഹിതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
● 2018 ഒക്‌ടോബർ 30:- ഗൂഢാലോചനയും കൊലപാതകക്കുറ്റവും യുഎപിഎയും ചുമത്തി അന്തിമ കുറ്റപത്രം എൻഐഎ നൽകി.
● 2019 മേയ്: - പ്രഗ്യാസിങ് ഠാക്കൂർ ബിജെപി ടിക്കറ്റിൽ ഭോപ്പാലില്‍നിന്ന് ലോക്‍സഭയില്‍
● 2025 ഏപ്രിൽ 19:- പ്രത്യേക കോടതി കേസ് വിധിപറയാന്‍മാറ്റി.
● 2025 ജൂലൈ 31 :- ഏഴുപ്രതികളെയും വെറുതെവിട്ടു.
ബൈക്ക് പ്രഗ്യയുടേത് ; തെളിവില്ല
എൽഎംഎൽ ഫ്രീഡം ബൈക്കിൽ സ്ഥാപിച്ച ഐഇഡിയാണ് മാലേഗാവിൽ പൊട്ടിത്തെറിച്ചതെന്നാണ് മഹാരാഷ്‌ട്ര എടിഎസിന്റെ കണ്ടെത്തൽ. ഈ ബൈക്ക് പ്രഗ്യാസിങ് ഠാക്കൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്‌തതാണ്. വ്യാജ നമ്പർ പ്ലേറ്റാണുണ്ടായിരുന്നത്. ബൈക്കിന്റെ ചേസിസ് നമ്പറും എൻജിൻ നമ്പറും പൊട്ടിത്തെറിയിൽ നശിച്ചുവെന്നും എടിഎസ് കണ്ടെത്തി. സ്‌ഫോടനത്തിന് മുമ്പേ ബൈക്ക് വിറ്റിരുന്നു എന്നാണ് പ്രഗ്യാസിങ്ങിന്റെ വാദം. എന്നാൽ ബൈക്ക് പ്രഗ്യാസിങ്ങിന്റേതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് പ്രത്യേക കോടതി ജഡ്‌ജി പറഞ്ഞു.
സ്‌ഫോടനത്തിന് രണ്ടുവർഷം മുമ്പ് പ്രഗ്യാസിങ് സന്യാസിനിയായി ലൗകിക ജീവിതം വെടിഞ്ഞിരുന്നെന്നാണ് ജഡ്‌ജിയുടെ നിരീക്ഷണം. സ്‌ഫോടനം നടന്നെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായെങ്കിലും എന്നാൽ ബൈക്കാണ് അതിനുപയോഗിച്ചതെന്നും തെളിയിക്കാനായില്ല. 101 പേർക്ക് പരിക്കേറ്റെന്നാണ് കുറ്റപത്രം.
എന്നാൽ 95 പേരുടെ പരിക്ക് മാത്രമാണ് തെളിയിക്കാനായത്. ലെഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് കശ്‌മീരിൽനിന്ന് ആർഡിഎക്‌സ് കൊണ്ടുവന്നതിനും വീട്ടിൽ സൂക്ഷിച്ചതിനും ബോംബാക്കിയതിനും തെളിവില്ലെന്നും ഉത്തരവിൽ പറയുന്നു.
എടിഎസ് കണ്ടെത്തിയത്
● പ്രഗ്യാസിങ് ഠാക്കൂര്‍
ഐഇഡി സ്ഥാപിച്ച ബൈക്ക് പ്രഗ്യാസിങ് ഠാക്കൂറിന്റേതാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ ഗൂഢാലോചനയിൽ പങ്കെടുത്തു. സ്‌ഫോടനം നടത്താനുള്ള ആളുകളെ നൽകാമെന്ന് വാഗ്ദാനംചെയ്തു.
● ലെഫ്. കേണൽ പ്രസാദ് പുരോഹിത്
പ്രത്യേക ഭരണഘടനയും പതാകയുമുള്ള ഹിന്ദുരാഷ്‌ട്രം ലക്ഷ്യമാക്കിയുള്ള അഭിനവ് ഭാരത് സംഘടന രൂപീകരിച്ചു. മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തി. കശ്‌മീരിൽ സൈനിക സേവനത്തിനിടെ ആര്‍ഡിഎക്‍സ് അടക്കമുള്ള സ്‌ഫോടകവസ്‌തുക്കൾ ശേഖരിച്ചതും എത്തിച്ചതും ബോംബുണ്ടാക്കിയതും പുരോഹിത്. 2008ൽ അറസ്റ്റിലാകുമ്പോള്‍ ലെഫ്. കേണൽ ആയിരുന്നു.
● രമേഷ് ഉപാധ്യായ്
ആര്‍മി റിട്ട. മേജര്‍. ഭോപ്പാലിലെ ഗൂഢാലോചനാ യോഗത്തിൽ പങ്കെടുത്തു. ഹിന്ദുരാഷ്‌ട്ര ഭരണഘടനയ്‌ക്കായി പ്രവര്‍ത്തിച്ചു.
● സമീര്‍ കുല്‍ക്കര്‍ണി
ഗൂഢാലോചനയിൽ പങ്കെടുത്തു
● അജയ് രാഹിര്‍കര്‍
അഭിനവ് ഭാരതിന്റെ ട്രഷറര്‍. പ്രസാദ് പുരോഹിതിന്റെ നിര്‍ദേശപ്രകാരം ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും സംഘടിപ്പിക്കാൻ ഫണ്ട് സമാഹരിച്ചു. ആളുകളെ ഏര്‍പ്പാടാക്കി
● സുധാകര്‍ ദ്വിവേദി
നാസിക്കിൽ പുരോഹിതിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
● സുധാകര്‍ ചതുര്‍വേദി
നാസിക്കിലെ യോഗത്തിൽ പങ്കെടുത്തു









0 comments