ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന കര്‍ക്കറെയും സംഘത്തെയും അന്ന് ബിജെപി നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു
ഹിന്ദുത്വ ഭീകരത പുറത്തുകൊണ്ടുവന്ന മാലേഗാവ്

മുംബൈ
പ്രതികളെയെല്ലാം എൻഐഎ കോടതി വെറുതേ വിട്ടെങ്കിലും ഹിന്ദുത്വ ഭീകരതയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ മാലേഗാവ് സ്‍ഫോടനക്കേസിലെ അന്വേഷണം വഴിവച്ചു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‍ക്വാഡ് തലവനായിരുന്ന ഹേമന്ത് കർക്കറെയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് അതിൽ നിർണായകമായത്. ഭീകരാക്രമണമാണെങ്കിൽ പിന്നിൽ മുസ്‍ലിങ്ങൾ എന്ന ഇന്ത്യൻ സുരക്ഷാ സംവിധാനത്തിൽ അന്തർലീനമായ മുൻ വിധികളെ തകർക്കുന്നതായിരുന്നു കർക്കറെ സംഘത്തിന്റെ കണ്ടെത്തൽ. അതിന്റെ പേരിൽ ബിജെപി നേതാക്കളിൽനിന്നും സംഘപരിവാറിൽനിന്നും കർക്കറെ കടുത്ത ആക്രമണം നേരിട്ടു.
പ്രഗ്യാസിങ് ഠാക്കൂറിനെ ഭീകരവാദിയാക്കിയതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു അന്നത്തെ ബിജെപി ദേശീയ അധ്യക്ഷൻ രാജ്നാഥ് സിങ്ങിന്റെ നിലപാട്. ബിജെപിയുടെ അന്നത്തെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന എൽ കെ അദ്വാനി എടിഎസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും കർക്കറെയ്ക്കും സംഘത്തിനുമെതിരെ രംഗത്തെത്തി. പ്രഗ്യാസിങ്ങിനെയും ലെഫ്.കേണൽ പുരോഹിതിനെയും കേസിൽ കുടുക്കുകയായിരുന്നെന്ന് ആരോപിച്ച മോദി കർക്കറെയുടേയും സംഘത്തിന്റേയും സത്യസന്ധതയെ ചോദ്യംചെയ്തു. എന്നാൽ മുംബൈ ഭീകരാക്രമണത്തിൽ കർക്കറെ ദുരൂഹമായി കൊല്ലപ്പെട്ടപ്പോൾ അതിവേഗം ഗുജറാത്ത് സർക്കാർ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ചു. അതുവരെ മോദിയടക്കമുള്ലവര്‍ രൂക്ഷമായി വിമര്‍ശിച്ച മഹാരാഷ്ട്ര എടിഎസ് തലവനാണ് ധനസഹായം പ്രഖ്യാപിച്ചത്. കർക്കറെയുടെ കുടുംബം ധനസഹായം തള്ളിക്കളഞ്ഞു.2019ൽ മോദി പ്രഗ്യാസിങ്ങിനെ ലോക്‍സഭയിലെത്തിക്കുകയുംചെയ്തു.









0 comments