കർണാടകത്തിൽ വൻ ബാങ്ക് കവർച്ച: 59 കിലോ സ്വർണവും പണവും കൊള്ളയടിച്ചു

ബംഗളൂരു: കർണാടകത്തിൽ വൻ ബാങ്ക് കവർച്ച. വിജയപുര ജില്ലയിലുള്ള കാനറ ബാങ്കിന്റെ മനഗുള്ളി ശാഖയാണ് കൊള്ളയടിച്ചത്. ബാങ്കിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 59 കിലോ സ്വർണവും 7 ലക്ഷം രൂപയും കവർന്നു. ഏകദേശം 53 കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.
മെയ് 25 നാണ് മനഗുള്ളി ടൗണിലെ ബാങ്കിന്റെ ശാഖയിൽ കവർച്ച നടന്നത്. മെയ് 24 നാലാം ശനിയാഴ്ചയായതിനാൽ ബാങ്ക് അവധിയായിരുന്നു. മെയ് 25ന് ബാങ്ക് വൃത്തിയാക്കാൻ ജീവനക്കാരി എത്തിയപ്പോൾ ഷട്ടർ ലോക്ക് തകർന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. മെയ് 26 ന് കാനറ ബാങ്കിന്റെ മാനേജർ പൊലീസിൽ പരാതി നൽകി.
ആറ് മുതൽ എട്ട് വരെ അംഗങ്ങളുള്ള സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷട്ടർ ലോക്ക് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത് അലാറം സംവിധാനം പ്രവർത്തനരഹിതമാക്കി. സ്ട്രോങ്ങ് റൂമിലെ സ്വർണം വച്ചിരുന്ന ലോക്കർ തകർക്കാൻ വ്യാജ താക്കോൽ ഉപയോഗിച്ചതായി കണ്ടെത്തി. രണ്ട് ദിവസമെങ്കിലും ബാങ്ക് നിരീക്ഷിച്ചതിന് ശേഷമാണ് മോഷ്ടാക്കൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സജ്ജീകരണങ്ങളെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവർച്ച നടത്തിയതെന്നാണ് സൂചന. ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ നിഗമനം.
മോഷണം നടന്ന സമയത്ത് ഏകദേശം 53 കോടി രൂപയുടെ സ്വർണ്ണവും 7 ലക്ഷം രൂപയും ബാങ്കിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഹെർണാൽ, ഹുബ്ബള്ളി തുടങ്ങിയ അയൽ ജില്ലകളിൽ നിന്നുള്ള ആളുകൾ വായ്പയ്ക്കായി കാനറാ ബാങ്കിന്റെ ശാഖയിൽ സ്വർണ്ണം പണയം വച്ചിരുന്നു. അതേസമയം വ്യാപകമായി അന്വേഷണം നടത്തുന്നുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടത്താൻ എട്ട് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.









0 comments