നിയമസഭ തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് അഞ്ചിനുശേഷം 48 ലക്ഷം വോട്ട് രേഖപ്പെടുത്തി
വോട്ടുകൊള്ളയ്‌ക്ക് മഹാരാഷ്‌ട്രയില്‍ കൂടുതല്‍ തെളിവ്

ന്യൂഡൽഹി
മഹാരാഷ്‌ട്രയിൽ 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേടുണ്ടായെന്ന പ്രതിപക്ഷ ആരോപണം ശരിവച്ച് പൗരാവകാശ സംഘടന ‘വോട്ട് ഫോർ ഡെമോക്രസി’(വിഡിഎഫ്)യുടെ പഠനം. പോളിങ് ദിവസം വൈകിട്ട് അഞ്ചിനുശേഷം ലക്ഷക്കണക്കിന് വോട്ട് രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. അതുവരെ 58.22 ആയിരുന്ന വോട്ടിങ് ശതമാനം മണിക്കൂറുകൾക്കകം 66.05ലെത്തി. 48 ലക്ഷം വോട്ടാണ് ഇങ്ങനെ അധികമായി രേഖപ്പെടുത്തിയത്. നാന്ദേഡ്, ജൽഗാവ്, ഹിംഗോലി, സോലാപുർ, ബീഡ്, ധുലേ എന്നിവിടങ്ങളിൽ വോട്ടിങ് ശതമാനം കുതിച്ചുയർന്നു. ചില ബൂത്തുകളിൽ വൈകിട്ട് അഞ്ചിനുശേഷം 600 പേരെങ്കിലും വോട്ട് ചെയ്‌തിരിക്കണം. 600 പേർ വോട്ടുചെയ്യണമെങ്കിൽ ഏതാനം മണിക്കൂറുകൾ പോളിങ് സമയം നീട്ടണം. അങ്ങനെ സമയം നീട്ടിയതായി ഒൗദ്യോഗിക സ്ഥിരീകണവുമില്ല. വൈകിയ വേളയിലെ ‘വോട്ട് പ്രവാഹം’ ദുരൂഹമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മിക്കയിടത്തും വളരെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 25 സീറ്റിൽ മൂവായിരവും 69 ഇടത്ത് 10,000 വോട്ടിന് താഴെയുമാണ് ഭൂരിപക്ഷം. ചെറിയ ക്രമക്കേടുപോലും ഫലത്തെ സ്വാധീനിച്ചെന്നർഥം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മാസങ്ങൾക്കകം 46 ലക്ഷം വോട്ടർമാരെ പുതിയതായി ചേർത്തത് ദുരൂഹമാണെന്ന പ്രതിപക്ഷ ആരോപണവും റിപ്പോർട്ട് ശരിവയ്‌ക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റ മണ്ഡലങ്ങളിലെ 12000 ബൂത്തുകളിൽ ലക്ഷക്കണക്കിന് വോട്ടുകൾ പുതിയതായി ചേർത്തു. തെരഞ്ഞെടുപ്പ് കമീഷന്റെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ഒൗദ്യോഗിക രേഖകളിലെ ഗുരുതര വൈരുധ്യം സംശയകരമാണെന്നും റിപ്പോർട്ടിലുണ്ട്.
2024 ആഗസ്‌ത് 30ന് തെരഞ്ഞെടുപ്പ് കമീഷൻ രേഖ പ്രകാരം മഹാരാഷ്‌ട്രയിൽ 9.64 കോടി വോട്ടർമാരുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ രേഖയിൽ വോട്ടർമാരുടെ എണ്ണം 9.53 കോടിയാണ്.









0 comments