കുംഭമേള മരണ മേളയായി: യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് മമത ബാനർജി

mamata banerjee
വെബ് ഡെസ്ക്

Published on Feb 18, 2025, 05:38 PM | 1 min read

കൊൽക്കത്ത: മഹാകുംഭമേളയിലുണ്ടായ അപകടങ്ങളിൽ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രയാഗ്‌രാജിൽ നടന്ന കുംഭമേളയ്ക്കിടെ പല അപകടങ്ങളിലായി നിരവധി ആളുകൾ മരിച്ച സാഹചര്യത്തിലാണ് മമതയുടെ വിമർശനം. മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ യോ​ഗി ആദിത്യനാഥ് സർക്കാർ പൂർണ പരാജയംമാണ്. മഹാകുംഭമേളയ്ക്കെത്തിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികളിലും ​ഗുരുതര വീഴ്ചയുണ്ടായി. വിഐപികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമ്പോൾ സാധാരണക്കാർക്ക് അവശ്യ സൗകര്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് മമത ആരോപിച്ചു.


യുപിയിലെ ബിജെപി സർക്കാർ രാജ്യത്തെ വിഭജിക്കാൻ മതം കച്ചവടംചെയ്യുകയാണ്. പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കായി ഒരു ആസൂത്രണവും നടത്തിയിട്ടില്ല. കുംബമേളയിൽ സമ്പന്നർക്കും വിഐപികൾക്കും ഒരു ലക്ഷം രൂപയ്ക്ക് ക്യാമ്പുകൾ ലഭിക്കാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ ദരിദ്രർക്കായി കുംഭമേളയിൽ ഒരു ക്രമീകരണവുമില്ലെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാൾ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലായിരുന്നു മമതയുടെ വിമർശനം.


പോസ്റ്റുമോർട്ടം പോലും നടത്താതെയാണ് മൃതദേഹം ബം​ഗാളിലേക്ക് എത്തിച്ചത്. ഹൃദയാഘാതം മൂലമാണ് ആളുകൾ മരിച്ചതെന്ന് യുപി സർക്കാർ അവകാശപ്പെടുകയും അവർക്ക് നഷ്ടപരിഹാരം നിഷേധിക്കുകയും ചെയ്യും. അവർ മരണ സർട്ടിഫിക്കറ്റില്ലാതെ മൃതദേഹങ്ങൾ അയച്ചതുകൊണ്ട് ഞങ്ങൾ ഇവിടെ പോസ്റ്റ്‌മോർട്ടം നടത്തി. ഈ ആളുകൾക്ക് എങ്ങനെ നഷ്ടപരിഹാരം ലഭിക്കും?- മമത ചോദിച്ചു.


Related News

ജനുവരി 29ന് മഹാകുംഭമേളക്കിടെ, അധികൃതരുടെ അനാസ്ഥ വരുത്തിവച്ച തിക്കിലും തിരക്കിലുംപെട്ട്‌ 40 പേർക്കെങ്കിലും ജീവൻ നഷ്‌ടപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തത്. 60 പേർക്ക്‌ പരിക്കേറ്റു. സംഭവംനടന്ന്‌ 12 മണിക്കൂറിനുശേഷം 30 മരണം യുപി സർക്കാർ സ്ഥിരീകരിക്കുകയായിരുന്നു. മോർച്ചറിയിൽനിന്നുള്ള വിവരം ഉൾപ്പെടുത്തി അന്താരാഷ്‌ട്ര മാധ്യമങ്ങളടക്കം മരണവിവരം പുറത്തുവിട്ടശേഷമാണ് ഇത്രയും ആള്‍നാശമുണ്ടായെന്ന് ഡിഐജി വൈഭബ്‌ കൃഷ്‌ണ സ്ഥിരീകരിച്ചത്. ദുരന്തത്തെ കേന്ദ്ര–-സംസ്ഥാന ബിജെപി സർക്കാരുകൾ നിസ്സാരവൽക്കരിക്കുകയാണെന്ന്‌ വിമർശനവും ശക്തമായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home