വിവാദ രംഗങ്ങൾ നീക്കിയാൽ 'മാനുഷി'ക്ക് പ്രദർശനാനുമതി നൽകാമെന്ന് വെട്രിമാരനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് ചിത്രം 'മാനുഷി' പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിക്കെതിരെ സംവിധായകൻ വെട്രിമാരൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തീർപ്പാക്കി. വെട്രി മാരൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ഗോപി നൈനാർ ആണ്. ആക്ഷേപകരമായ ഉള്ളടക്കം വ്യക്തമാക്കാതെ മാനുഷിക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സിബിഎഫ്‌സി വിസമ്മദിച്ചിരുന്നു. ഇതിനെതിരെയാണ് വെട്രിമാരൻ ഹർജി നൽകിയത്.
കോടതിയുടെ മുൻ ഉത്തരവ് പ്രകാരം റിവ്യൂ ബോർഡ് സിനിമ വീണ്ടും കണ്ടിരുന്നു. സിനിമയിലെ ചില ഭാഗങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ടെന്നും അവയോട് എതിർപ്പുണ്ടെന്നും ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷിനെ സിബിഎഫ്‌സി അറിയിച്ചു. ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്തതിന് ശേഷം സിനിമ വീണ്ടും സമർപ്പിക്കുകയാണെങ്കിൽ സർട്ടിഫിക്കറ്റ് നൽകുന്നത് പരിഗണിക്കാൻ തയ്യാറാണെന്നും ബോർഡ് കോടതിയെ അറിയിച്ചു.
സിബിഎഫ്സി പരാമർശിച്ച ഉള്ളടക്കം നീക്കം ചെയ്യാൻ തയാറാണെന്ന് വെട്രിമാരനും കോടതിയിൽ അറിയിച്ചു. അതേസമയം, ബോർഡ് ചൂണ്ടിക്കാണിച്ച ചിത്രത്തിലെ ആക്ഷേപകരമായ ഭാഗങ്ങളുമായി ബന്ധപ്പെട്ട് എതിർപ്പുണ്ടെന്ന് വെട്രി മാരനു വേണ്ടി ഹാജരായ അഭിഭാഷകൻ സുബാഷ് കോടതിയെ അറിയിച്ചു. എന്നാൽ അത്തരം എതിർപ്പുകൾ ഇപ്പോഴത്തെ ഹർജിയുടെ പരിഗണനയിൽ വരില്ല. നിയമപരാമായി മുന്നോട്ട് പോകാൻ വെട്രിമാരന് സ്വതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.
2024 സെപ്റ്റംബർ 11 നാണ് മാനുഷിയുടെ സർട്ടിഫിക്കേഷനുവേണ്ടി സിബിഎഫ്സിക്ക് സംവിധായകൻ ചിത്രം സമർപ്പിക്കുന്നത്. എന്നാൽ സിനിമ റിവ്യൂ ചെയ്തതിന് ശേഷം തന്റെ ഭാഗം കേൾക്കാതെ സിബിഎഫ്‌സി റീജിയണൽ ഓഫീസർ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് വെട്രിമാരൻ പറഞ്ഞു. തുടർന്ന് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു.
സംസ്ഥാനത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണെന്നും, ഒരു പ്രത്യേക സമുദായത്തെ അവഹേളിക്കുന്നതാണെന്നും, സർക്കാരിന്റെ നയങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി റിവൈസിംഗ് കമ്മിറ്റിയും സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകരുതെന്ന് ശുപാർശ ചെയ്തു. സിനിമാറ്റോഗ്രാഫ് ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ല ബോർഡ് സ്വീകരിച്ച നടപടിക്രമമെന്ന് വെട്രിമാരൻ വാദിച്ചു.
തീവ്രവാദ കുറ്റം ചുമത്തപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് 'മാനുഷി' പറയുന്നത്. ചില പൊലീസ് അതിക്രമ ദൃശ്യങ്ങളും ഈ സിനിമയിലുള്ളതായാണ് റിപ്പോർട്ട്.









0 comments