ഭോപ്പാൽ വിഷവാതക ദുരന്തം; മാലിന്യ സംസ്കരണത്തിന് ട്രയൽ റൺ നടത്താൻ അനുമതി നൽകി ഹൈക്കോടതി

ഭോപ്പാൽ : ഭോപ്പാൽ വിഷവാതക ദുരന്തത്തിലുണ്ടായ മാലിന്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ സംസ്കരിക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി. യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് 40 വർഷം മുമ്പുണ്ടായ മാലിന്യം പിതാംപൂരിൽ സംസ്‌കരിക്കാനാണ് കോടതി അനുമതി നൽകിയത്. മൂന്ന് ഘട്ടമായി ട്രയൽ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, വിവേക് ജെയിൻ എന്നിവരടങ്ങിയ ബഞ്ചാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള സംസ്കരണത്തിന് അനുമതി നൽകിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി വിഷമാലിന്യങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
മൂന്ന് ഘട്ടമായി വ്യത്യസ്ത താപനിലകളിൽ മാലിന്യം സംസ്കരിക്കുമെന്നും ശേഷം റിപ്പോർട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് അയയ്ക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 135 കിലോയും രണ്ടാം ഘട്ടത്തിൽ 180 കിലോയും മൂന്നാം ഘട്ടത്തിൽ 270 കിലോയുമാണ് പരീക്ഷണാടിസ്ഥാനത്തിൽ സംസാകരിക്കുക. ഫെബ്രുവരി 27നാണ് ആദ്യഘട്ടം. മാർച്ച് 4, 10 തിയതികളിലായി മറ്റു ഘട്ടങ്ങളും നടത്തും. മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് ലഭിക്കുന്ന അന്തിമ റിപ്പോർട്ട് മാർച്ച് 27ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ പ്രശാന്ത് സിങ് പറഞ്ഞു.
ദുരന്തം നടന്ന് 40 വർഷത്തിനു ശേഷം 2025 ജനുവരിയിലാണ് മാലിന്യങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയത്. 12 കണ്ടെയ്നറുകളിലായി 337 മെട്രിക് ടൺ മാലിന്യമാണ് പീതംപുരിലെ വ്യവസായ എസ്റ്റേറ്റിലെ സംസ്‌കരണ ഫാക്ടറിയിലേക്ക് എത്തിച്ചത്. തുടക്കത്തിൽ കുറച്ചു മാലിന്യം പരീക്ഷണാടിസ്ഥാനത്തിലാവും സംസ്കരിക്കുകയെന്ന് മാലിന്യങ്ങൾ നീക്കം ചെയ്തപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് 3 മാസം കൊണ്ട് പൂർണമായ മാലിന്യ സംസ്കരണം നടത്തുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
1984 ഡിസംബർ 2-3 തീയതികളിലാണ് ലോകത്തെ തന്നെ നടുക്കിയ വിഷവാതക ദുരന്തമുണ്ടായത്. രാത്രിയിൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറിയിൽ നിന്ന് ഉയർന്ന വിഷാംശമുള്ള മീഥൈൽ ഐസോസയനേറ്റ് (എംഐസി) വാതകം ചോരുകയായിരുന്നു. വിഷപ്പുക ശ്വസിച്ച് 5,479 പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി.









0 comments