മാരകമായ കഫ് സിറപ്പ് കുഞ്ഞുങ്ങൾക്ക് നൽകിയ മധ്യപ്രദേശിലെ ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ: മാരകമായ കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ കുട്ടികൾക്ക് 'കോൾഡ്രിഫ്' (Coldrif) സിറപ്പ് നിർദ്ദേശിച്ച മധ്യപ്രദേശിലെ ഛിന്ദ്‌വാരയിലെ ഡോക്ടറെ അധികൃതർ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെയായിരുന്നു ഡോ. പ്രവീൺ സോണിയുടെ അറസ്റ്റ്. മരിച്ച കുട്ടികളിൽ ഭൂരിഭാഗവും പാരാസിയയിലെ ശിശുരോഗ വിദഗ്ധനായ പ്രവീൺ സോണിയുടെ ക്ലിനിക്കിലാണ് ചികിത്സ തേടിയിരുന്നത്.
സർക്കാർ ഡോക്ടറായ സോണി, തന്റെ സ്വകാര്യ ക്ലിനിക്കിൽ വന്ന കുട്ടികൾക്കാണ് ഈ സിറപ്പ് നിർദ്ദേശിച്ചതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കോൾഡ്രിഫ് കഫ് സിറപ്പ് നിർമിച്ച തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലുള്ള ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കെതിരെ മധ്യപ്രദേശ് സർക്കാരും കേസെടുത്തു.
മരുന്നിന്റെ സാമ്പിളുകളിൽ 48.6% വരെ അതീവ വിഷാംശമുള്ള ഡൈഎഥിലീൻ ഗ്ലൈക്കോൾ (Diethylene glycol) കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ നേരത്തെ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചിരുന്നു. ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധിച്ച സിറപ്പിന്റെ ഒരു സാമ്പിൾ, നിലവാരമില്ലാത്തത് എന്ന് തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ പ്രഖ്യാപിച്ചിരുന്നു.
മുൻകരുതൽ നടപടിയായി കോൾഡ്രിഫിന്റെയും 'നെക്സ്ട്രോ-ഡിഎസ്' ('Nextro-DS') എന്ന മറ്റൊരു കഫ് സിറപ്പിന്റെയും വിൽപ്പന പ്രാദേശിക ഭരണകൂടം തിങ്കളാഴ്ച നിരോധിച്ചിരുന്നു. കോൾഡ്രിഫിന്റെ പരിശോധനാ ഫലം ശനിയാഴ്ചയാണ് ലഭിച്ചത്, അതേസമയം നെക്സ്ട്രോ-ഡിഎസിന്റെ ഫലം കാത്തിരിക്കുകയാണ്.
മരിച്ച കുട്ടികളുടെ ബന്ധുക്കളുടെ മൊഴിയനുസരിച്ച്, സെപ്റ്റംബർ ആദ്യം കുട്ടികൾക്ക് ജലദോഷവും നേരിയ പനിയും പിടിപെട്ടിരുന്നു. തുടർന്ന് കഫ് സിറപ്പ് ഉൾപ്പെടെയുള്ള മരുന്നുകൾ നൽകിയപ്പോൾ അവർക്ക് രോഗം മാറിയതായി തോന്നി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ തിരിച്ചെത്തി. പിന്നാലെ മൂത്രത്തിന്റെ അളവ് പെട്ടെന്ന് അപകടകരമാംവിധം കുറഞ്ഞു. അവരുടെ നില വഷളായി വൃക്കരോഗങ്ങളിലേക്ക് മാറുകയും പിന്നീട് മരണപ്പെടുകയും ചെയ്തു.
വൃക്കയിലെ ബയോപ്‌സി പരിശോധനയിലാണ് ഡൈഎഥിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
"കോൾഡ്രിഫ് സിറപ്പ് കാരണം ഛിന്ദ്‌വാരയിലുണ്ടായ കുട്ടികളുടെ മരണം അതീവ ദുഃഖകരമാണ്. ഈ സിറപ്പിന്റെ വിൽപ്പന മധ്യപ്രദേശ് മുഴുവൻ നിരോധിച്ചിരിക്കുന്നു. സിറപ്പ് നിർമ്മിച്ച കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്നു," അദ്ദേഹം ശനിയാഴ്ച 'എക്സി'ൽ (X) കുറിച്ചു.









0 comments