സോഫിയ ഖുറേഷിക്കെതിരായ പരാമർശം: ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവ്

മധ്യപ്രദേശ് : കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. വിഷയത്തിൽ മന്ത്രി വിജയ് ഷായ്ക്കെതിരെ എഫ്ഐഐർ രജിസ്റ്റർ ചെയ്യാനും പൊലീസിനോട് കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസമാണ് കേണൽ സോഫിയ ഖുറേഷിക്കെതിരെ മന്ത്രി വിദ്വേഷ പരാമർശം നടത്തിയത്. ഭീകരവാദികളുടെ സഹോദരിയെന്നാണ് കേണൽ സോഫിയ ഖുറേഷിയെ ബിജെപി മന്ത്രി അധിക്ഷേപിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കവെയാണ് പരാമർശം നടത്തിയത്. വിജയ് ഷാ പ്രസംഗത്തിൽ നരേന്ദ്ര മോദിയെ പുകഴ്ത്തിയിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി രാജ്യത്തോട് സംസാരിച്ച സേന ഉദ്യോഗസ്ഥയാണ് കേണൽ സോഫിയ ഖുറേഷി. പ്രസംഗത്തിന്റെ വിഡിയോ പ്രതിപക്ഷ പാർട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം വിവാദമായിരുന്നു. ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ പ്രധാനമന്ത്രി പാകിസ്ഥാനിലുള്ള ഭീകരരുടെ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെയാണ് അയച്ചത് എന്നായിരുന്നു വിജയ് ഷാ പറഞ്ഞത്.
ഇന്ത്യൻ സൈന്യത്തിൽ മികച്ച റെക്കോർഡുകളുണ്ട് കേണൽ ഖുറേഷിക്ക്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കും വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങിനുമൊപ്പമാണ് കേണൽ ഖുറേഷി പത്രസമ്മേളനങ്ങൾ നടത്തിയത്. ഇവർക്കെതിരെ വിവാദ പരാമശം നടത്തിയതിന് കനത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ മന്ത്രിക്ക് നേരെ നടക്കുന്നത്. വിജയ് ഷായോട് രാജി വക്കാൻ ബിജെപി ആവശ്യപ്പെടണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ദേശീയ വനിത കമീഷനും ബിജെപി നേതാവിനെതിരെ രംഗത്തെത്തിയിരുന്നു.









0 comments