അന്താരാഷ്‌ട്ര നിയമങ്ങളെ അവഹേളിക്കുന്നു; അമേരിക്കൻ കടന്നാക്രമണത്തെ ഇന്ത്യ അപലപിക്കാൻ തയ്യാറാവണം: എം എ ബേബി


സ്വന്തം ലേഖകൻ
Published on Jun 22, 2025, 09:24 PM | 1 min read
ന്യൂഡൽഹി: ഇറാന്റെ പരാമധികാരത്തെയും അന്താരാഷ്‌ട്ര നിയമങ്ങളെയും അവഹേളിച്ച് അമേരിക്ക നടത്തിയ ബോംബിങിനെ അപലപിക്കാൻ ഇന്ത്യ തയ്യാറാവണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കിരാതവും ക്രിമിനൽ കുറ്റവുമാണ് അമേരിക്ക നടത്തിയതെന്നും ഗ്വാളിയാർ ഹൈക്കോടതി ചത്വരത്തിൽ പാർടി നടത്തിയ പ്രതിഷേധ യോഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
മോദി സർക്കാരിന്റ വിദേശസനയം നിരാശപ്പെടുത്തുന്നതാണ്. വ്യക്തവും കൃത്യവുമായ ഭാഷയിൽ ഇന്ത്യ അപലപിക്കണം. എല്ലാ പ്രതിസന്ധിഘട്ടത്തിലും ഇന്ത്യയ്‌ക്കൊപ്പം അടിയുറച്ചു നിന്ന ഇറാനെ പിന്തുണയ്‌ക്കുന്നതിന് പകരം ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങിയ മോദി അമേരിക്കക്കൊപ്പമാണ്. ഇത് ഇന്ത്യയുടെ അന്താരാഷ്‌ട്ര മാന്യതയെപ്പോലും ബാധിക്കും. ഇറാൻ ആണവായുധം നിർമിക്കുന്നില്ലെന്നും അതിനവർക്ക് ശേഷിയില്ലന്നും അമേരിക്കൻ ഇന്റലിജൻസ് മേധാവി തുൽസി ഗബ്ബാർഡ് വിവിധ ഘട്ടത്തിൽ സമ്മതിച്ചതാണ്. പിന്നെ എന്തുപറഞ്ഞ് അമേരിക്ക ഈ കടന്നാക്രമണത്തെ ന്യായീകരിക്കും.
ഇറാൻ ആണവായുധം നിർമിക്കുന്നില്ലന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുവെന്നുമാണ് അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസി രണ്ടുദിവസം മുമ്പ് പറഞ്ഞത്. ആണവായുധം നിർമിക്കില്ലെന്ന കരാറിലും ഇറാൻ ഒപ്പിട്ടുണ്ട്. ഇക്കാര്യം സുരക്ഷാസമിതി അംഗരാജ്യങ്ങളുമായുണ്ടാക്കിയ കരാറിലും ആവർത്തിച്ചു. വസ്‌തുതകൾ ഇതായിരിക്കേ അമേരിക്ക നടത്തിയ കടന്നാക്രമണം മധ്യേഷയിൽ ആധിപത്യം ഉറപ്പിക്കാനും ലോകത്തെ ഭയപ്പെടുത്താനും മാത്രമാണ്.
വ്യാജ അവകാശവാദങ്ങളുടെ പുറത്ത് ഇറാക്കിൽ നടത്തിയ അതേ കടന്നാക്രമണമാണിത്. ഗാസയിൽ ഇസ്രയേൽ തുടരുന്ന വംശഹത്യയേയും ബേബി ശക്തമായി അപലപിച്ചു. പി ബി അംഗം അരുൺ കുമാർ, മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി ജസ്വീന്ദർ സിംഗ്, സിപിഐ (എംഎൽ) ലിബറേഷൻ മുതിർന്ന നേതാവ് ഗുരു ദത്ത് ശർമ എന്നിവരും സംസാരിച്ചു.
0 comments