8 വർഷം നിരവധി പ്രത്യേക സ്ലാബുകൾ ഏർപ്പെടുത്തി സാധാരണക്കാരെ പിഴിഞ്ഞശേഷമാണ് ഇളവുകൊണ്ടുള്ള കൺകെട്ടെന്ന് പ്രതികരണങ്ങൾ
മോദിയുടെ അവകാശവാദം പരിഹാസ്യമെന്ന് വിമർശം

ന്യൂഡൽഹി
ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള വിലക്കുറവിന്റെ ക്രെഡിറ്റ് തട്ടാനുള്ള പ്രധാനമന്ത്രിയുടെ പരാക്രമങ്ങൾ പരിഹാസ്യമെന്ന് വിമർശം. എട്ട് വർഷം നിരവധി പ്രത്യേക സ്ലാബുകൾ ഏർപ്പെടുത്തി 55 ലക്ഷം കോടി രൂപ സാധാരണക്കാരെ പിഴിഞ്ഞുണ്ടാക്കിയകാര്യം പ്രധാനമന്ത്രി മറന്നോയെന്ന ചോദ്യമാണ് ഉയരുന്നത്. ജിഎസ്‌ടി ഇളവുകൾ വിലക്കുറവിലേക്കും സ്വാശ്രയത്വത്തിലേക്കും നയിക്കുമെന്ന മോദിയുടെ അവകാശവാദം ശുദ്ധതട്ടിപ്പാണെന്ന് സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി ചൂണ്ടിക്കാട്ടി. പ്രതിരോധം, ഖനനം, ഇൻഷുറൻസ് പോലെയുള്ള പ്രധാനപ്പെട്ട മേഖലകളിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് വഴിവെട്ടിയതിനുശേഷമാണ് മോദിസർക്കാർ സ്വാശ്രയത്തെക്കുറിച്ച് വീന്പടിക്കുന്നതെന്നും ബേബി പറഞ്ഞു.
ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ പേരിലുള്ള ചില്ലറ വിലക്കുറവുകൾ ‘വലിയ മുറിവുണ്ടാക്കിയ ശേഷം ബാൻഡേജ് ഒട്ടിച്ച് ആശ്വസിപ്പിക്കുന്നത് പോലെ’യാണെന്ന് കോൺഗ്രസ് വിമർശിച്ചു. നിത്യോപയോഗ സാധനങ്ങൾക്കുപോലും കൊടുംനികുതി ചുമത്തി സർക്കാർ തങ്ങളെ ഇത്രയും കാലം പിഴിയുകയായിരുന്നെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
അമിതനികുതിഭാരം സൃഷ്ടിച്ച വൻ ജനരോഷം ശക്തമായ വെല്ലുവിളിയാകുമെന്ന് ഭയപ്പെട്ടാണ് പരിഷ്‌കരണത്തിന് നിർബന്ധിതരായതെന്ന് തൃണമൂൽ വക്താവ് കുനാൽഘോഷ് പറഞ്ഞു. ഉയർന്ന ജിഎസ്‌ടിയിലൂടെ ഉണ്ടാക്കിയ കൊള്ളലാഭം ജനങ്ങൾക്ക് തിരിച്ചുകൊടുക്കാൻ സർക്കാർ തയ്യാറാകുമോയെന്ന് സമാജ്‌വാദി പാർടി നേതാവ് അഖിലേഷ്‌യാദവ് ചോദിച്ചു.









0 comments