അലിഗഡ് ആള്‍ക്കൂട്ട ആക്രമണം ; അത് പശുമാംസമല്ല

അലിഗഡ്
ഉത്തർപ്രദേശ് അലിഗഡിലെ ഹർദ്വാഗഞ്ചിൽ ആള്‍ക്കൂട്ട ആക്രമണത്തിൽ പ്രതികളായ സംഘപരിവാറുകാരായ ഗോരക്ഷാഗുണ്ടകളുടെ വാദം പൊളിഞ്ഞു. വാഹനത്തിൽ കൊണ്ടുപോയ മാംസം പോത്തിറച്ചിയാണെന്നും പശുവിന്റെയോ കിടാവിന്റെയോ അല്ലെന്നും മഥുരയിലെ വെറ്ററിനറി ലാബിലെ ഫോറൻസിക് പരിശോധനയിൽ വ്യകതമായി.
പശുമാംസം കടത്തിയെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച വിഎച്ച്‌പി നേതാവ് രാജ്‌കുമാർ ആര്യ, ബിജെപി നേതാവ് അർജുൻസിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗോരക്ഷാ ഗുണ്ടകൾ അർബാസ്, അഖീൽ, കാദിം, മുന്ന ഖാൻ എന്നീ യുവാക്കളെ ക്രൂരമായി മര്‍ദിച്ചത്. ഗുരുതര പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. പശുമാംസമല്ല വാഹനത്തിലുണ്ടായിരുന്നതെന്ന് ലാബ് പരിശോധനയിൽ വ്യക്തമായതായും അന്വേഷണം പുരോഗമിക്കുകയാണെന്നും റൂറൽ എസ്‍പി പറഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു.
അൽഅമർ ഫ്രോസൺ ഫുഡ്‌സ് മീറ്റ് ഫാക്ടറിയിൽനിന്നും ഇറച്ചിയുമായി പോയ യുവാക്കളെയാണ് വാഹനം തടഞ്ഞ് വടികളും മരക്കഷ്ണവും മൺകട്ടയും ഉപയോഗിച്ച് ആക്രമിച്ചത്. ഇറച്ചി വലിച്ചെറിയുകയും പിക്കപ്പ് ട്രക്ക് കത്തിക്കുകയും ചെയ്‌തു.









0 comments