'അൻപും ആദരവും': കമ്യൂണിസ്റ്റ് പാർടിയെയും നേതാക്കളെയും പ്രശംസിച്ച് രജനീകാന്ത്

ചെന്നൈ: കമ്യൂണിസ്റ്റ് പാർടിയെയും നേതാക്കളെയും പ്രശംസിച്ച് സൂപ്പർതാരം രജനീകാന്ത്. മധുര എംപിയും സിപിഐ എം നേതാവും എഴുത്തുകാരനുമായ സു വെങ്കിടേശന്റെ 'വേൽപാരി' എന്ന നോവലിന്റെ വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികടൻ പബ്ലിഷേർഴ്സ് പുറത്തിറക്കിയ നോവലിന്റെ ഒരു ലക്ഷത്തിൽപ്പരം കോപ്പികളാണ് ഇതുവരെ വിറ്റഴിച്ചത്.
കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത സൗഹൃദമുള്ളതായും അവരെ ജനങ്ങൾ ബഹുമാനിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ടെന്നും രജനികാന്ത് പറഞ്ഞു. കമ്യൂണിസ്റ്റ് പാർടിക്ക് അതിന്റേതായ തത്വങ്ങളും, പ്രത്യയശാസ്ത്രവും, മാനദണ്ഡങ്ങൾ ഉണ്ട്. അതിന് അനുസരിച്ചാണ് ഓരോ സഖാക്കളും പെരുമാറുന്നതെന്നും രജനീകാന്ത് പറഞ്ഞു. സു വെങ്കിടേശൻ, ടി കെ ആർ തുടങ്ങിയ മുതിർന്ന സിപിഐ എം നേതാക്കളെ നടൻ ചടങ്ങിൽ പ്രശംസിച്ചു.
കൽക്കിയെ കാണാൻ കഴിഞ്ഞില്ല. പക്ഷെ ഈ കാലഘട്ടത്തിലെ കൽക്കിയായ സു വെങ്കിടേഷിനെ കണ്ടു. കള്ളവും കാപട്യവുമില്ലാത്ത ചിരിയുണ്ട് വെങ്കിടേശന്. പരിചപ്പെട്ടപ്പോൾ മുതൽ അത് ഞാൻ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ മനസ് എത്ര ശുദ്ധമാണ് എന്ന് ആ ചിരിയിൽ തന്നെ മനസിലാകും, ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നയാളാണ്. അദ്ദേഹം നല്ലൊരു സാഹിത്യകാരൻ മാത്രമല്ല, മികച്ച ഒരു രാഷ്ട്രീയ നേതാവുമാണെന്ന് രജനീകാന്ത് പറഞ്ഞു.
മധുരയിൽ സു വെങ്കിടേശനെ സ്ഥാനാർഥിയായി നിർത്തിയതിന് എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. അവിടെ അദ്ദേഹം മികച്ച വിജയം നേടി. ഒരു സാഹിത്യകാരനെന്ന നിലയിൽ 'വേൽപാരി'ക്ക് ലഭിച്ച അംഗീകാരം പോലെ ഒരു രാഷ്ട്രീയ നേതാവിന് ലഭിച്ച അംഗീകാരമാണ് മധുരയിലെ എം പി സ്ഥാനമെന്നും രജനി വ്യക്തമാക്കി.
മുതിർന്ന സിപിഐ എം നേതാവ് ടി കെ രംഗരാജനെയും രജനീകാന്ത് പേരെടുത്ത് പ്രശംസിച്ചു. ടി കെ ആർ ഇവിടെയുണ്ട്. എന്റെ ആത്മാർഥ സുഹൃത്താണ്. ഞാൻ വളരെ ബഹുമാനിക്കുന്ന ആളാണ് മുൻ പാർലമെന്റേറിയൻ കൂടിയായ ടി കെ ആർ. ഒരു തവണ ഡൽഹിയിൽ പോയപ്പോൾ മറ്റ് പാർലമെന്റേറിയൻമാർ ആദ്ദേഹത്തെ ബഹുമാനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് വലിയ സന്തോഷമായി- രജനികാന്ത് പറഞ്ഞു.
'വേൽപാരി' എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമ ഒരുക്കുകയാണെന്ന് സംവിധായകൻ ശങ്കർ അറിയിച്ചു. അത് ഒരു സ്വപ്ന പദ്ധതി യാണെന്നും ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നുമാണ് ശങ്കർ വ്യക്തമാക്കിയത്. 'വേൽപാരി' എന്ന നോവലിന്റെ വിജയാഘോഷത്തിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശങ്കർ.
ഒരിക്കൽ എന്റെ സ്വപ്ന പദ്ധതി എന്തിരൻ ആയിരുന്നു. ഇപ്പോൾ, എന്റെ സ്വപ്നം 'വേൽപാരി' ആണ്. 'വേൽപാരി' യഥാർഥത്തിൽ ഒരു വലിയ ചിത്രമായിരിക്കും. ഗെയിം ഓഫ് ത്രോൺസ്, അവതാർ എന്നിവയ്ക്ക് തുല്യമായ ഒരു ആഗോള നിലവാരമുള്ള സിനിമയായിരിക്കുമെന്ന് ഞാൻ കരുതുന്നു. മികച്ച സാങ്കേതിക വിദ്യ തന്നെ അതിന് ഉപയോഗിക്കും- ശങ്കർ പറഞ്ഞു.









0 comments