ഉത്തർപ്രദേശ് സർക്കാരിന് രൂക്ഷവിമർശനം
കുട്ടികടത്ത് വർധിക്കുന്നു, യു പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി : ആശുപത്രികളിൽ നിന്ന് നവജാത ശിശുക്കൾ മോഷ്ടിക്കപ്പെട്ടാൽ പൂർണ ഉത്തരവാദിത്തം ആശുപത്രിക്കാണെന്ന് സുപ്രീംകോടതി. കുട്ടികളെ നഷ്ടപ്പെട്ടാൽ ആശുപത്രിയുടെ ലൈസൻസ് ഉടൻ തന്നെ റദ്ദാക്കുമെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നത് വർധിക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.
ഉത്തർപ്രദേശിൽനിന്ന് കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുപോയ കേസുകളിലെ 13 പ്രതികൾക്ക് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് റദ്ദാക്കി. പ്രതികളുടെ ജാമ്യഹർജിയിൽ ചോദ്യം ഉന്നയിക്കാഞ്ഞ ഉത്തർപ്രദേശ് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം വിഷയങ്ങളെ സർക്കാർ നിസാരമായാണ് കരുതുന്നതും കേസിന് ആവശ്യമുള്ള ഗൗരവം സർക്കാർ നൽകുന്നില്ലെന്നും കോടതി ഓർമ്മപ്പെടുത്തി. ജാമ്യം നൽകിയ അലഹബാദ് ഹൈക്കോടതി നടപടിയെ ഉത്തരവാദിത്തമില്ലാത്തതെന്നും കോടതി നിരീക്ഷിച്ചു.
ഒരു സ്ത്രീ തന്റെ കുഞ്ഞിനെ പ്രസവിക്കാൻ ആശുപത്രിയിൽ വരുമ്പോൾ നവജാത ശിശുവിനെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ടത് ആശുപത്രി ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് എന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടേതാണ് നിരീക്ഷണം. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കോടതി വ്യക്തമാക്കി.









0 comments