ക്രൂരത തുടർന്ന് യുഎസ്: കൊണ്ടുവന്നത് കൈകാലുകൾ ചങ്ങലയ്ക്കിട്ടെന്ന് രണ്ടാം വിമാനത്തിലെത്തിയ ഇന്ത്യക്കാർ

ന്യൂഡൽഹി : അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ഇന്ത്യക്കാരെ നാടു കടത്തുന്നത് യുഎസ് തുടരുന്നു. കഴിഞ്ഞ ദിവസം അമൃത്സറിലെത്തിയ രണ്ടാം വിമാനത്തിലെ ഇന്ത്യക്കാരെയും എത്തിച്ചത് കൈകാലുകളിൽ വിലങ്ങുവച്ച്. വിമാനത്തിലെത്തിയവരാണ് ദുരനുഭവം വെളിപ്പെടുത്തിയത്. കാലുകളിൽ ചങ്ങലയും കൈകളിൽ വിലങ്ങുമിട്ട് ബന്ധിച്ചതിന് ശേഷമാണ് വിമാനത്തിൽ കയറ്റി ഇന്ത്യയിലെത്തിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. യാത്രയിലുടനീളം ഇങ്ങനെ തന്നെയായിരുന്നുവെന്നും രണ്ടാം വിമാനത്തിലെത്തിയവർ പറഞ്ഞു. 116 പേരെയാണ് C -17 വിമാനത്തിൽ ശനി രാത്രി അമൃത്സറിലെത്തിച്ചത്. 18നും 30നും ഇടയിൽ പ്രായമുള്ളവരാണ് എത്തിയവരിൽ ഭൂരിഭാഗവും. കൈകാലുകൾ ബന്ധിച്ചാണ് തന്നെ കൊണ്ടുവന്നതെന്നും കുപ്രസിദ്ധമായ ഡോങ്കി റൂട്ട് വഴിയാണ് എത്തിച്ചതെന്നും വിമാനത്തിലെത്തിയ ഹരിയാന സ്വദശി ദൽജിത് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് സമാനമായ രീതിയിലാണ് 104 ഇന്ത്യക്കാരെ കൈവിലങ്ങും കാൽച്ചങ്ങലയും അണിയിച്ച് മനുഷ്യത്വരഹിതമായ രീതിയിൽ സൈനികവിമാനത്തിൽ നാടുകടത്തിയത്. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ മനുഷ്യത്വരഹിതമായി ജനങ്ങളോട് പെരുമാറിയിട്ടും ട്രംപിനെ ന്യായീകരിക്കുകയായിരുന്നു കേന്ദ്രം. വിലങ്ങുവച്ച് നാട് കടത്തുന്നത് യുഎസിന്റെ നയമാണെന്നാണ് വിദേശകാര്യമന്ത്രി പാർലമെന്റിൽ പറഞ്ഞത്.
യുഎസ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപുമായുള്ള കൂടിക്കാഴ്‌ചയിലും ഇന്ത്യക്കാരെ ഇത്തരത്തിൽ കൊണ്ടുവന്ന നടപടിയിൽ മൗനം പാലിച്ചു. ഇന്ത്യക്കാരെ കരുതിക്കൂട്ടി അവഹേളിക്കുന്ന അമേരിക്കൻ നിലപാടിനോട് പൂർണവിധേയത്വം പുലർത്തുന്ന കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് വീണ്ടും ഇത്തരത്തിൽ ജനങ്ങളെ നാടുകടത്തിയത്. 157 ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ സൈനിക വിമാനവും ഇന്ന് അമൃത്സറിലെത്തുന്നുണ്ട്.
സ്‌ത്രീകളും കുട്ടികളും അടക്കമുള്ള ഇന്ത്യൻ പൗരരെ കൈകാലുകൾ ബന്ധിച്ച് സൈനിക വിമാനത്തിലാണ് നാടുകടത്തുന്നതെന്ന വിവരം മുൻകൂട്ടി അറിയാമായിരുന്നുവെന്ന് വിദേശ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.









0 comments