ഉപരാഷ്ട്രപതിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി : സുപ്രീംകോടതിക്കെതിരായ പരാമർശത്തിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിന് അഭിഭാഷകന്റെ കത്ത്. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് എജിക്ക് കത്തയച്ചത്. സുപ്രീം കോടതിയുടെ അധികാരത്തിനും അന്തസ്സിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഉപരാഷ്ട്രപതിയുടെ പരാമർശമെന്നു കാണിച്ചാണ് കത്ത്.
സുപ്രീം കോടതിയുടെ അധികാരത്തെ അപകീർത്തിപ്പെടുത്തുന്നതിനും താഴ്ത്തുന്നതിനും തുല്യമാണ് ഉപരാഷ്ട്രപതി ഏപ്രിൽ 17ന് പരസ്യമായി നടത്തിയ പരാമർശങ്ങൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം സുപ്രീം കോടതിയുടെ നിയമസാധുതയെയും അധികാരങ്ങളെയും ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ നീതിന്യായ വ്യവസ്ഥയുടെ സുഗമമായ മുന്നോട്ടുപോക്കിൽ ഇടപെടുന്നതും തടസപ്പെടുത്തുന്നതുമാണ്. ഉപരാഷ്ട്രപതിയേപ്പോലെയുള്ള പദവികൾ വഹിക്കുന്നവരിൽ നിന്നുള്ള ഇത്തരം പരാമർശങ്ങൾ ജുഡീഷ്യറിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്നതാണ്. ഇത് സുപ്രീം കോടതിയുടെ അന്തസ്സിനെയും, അധികാരത്തെയും, വിശ്വാസ്യതയെയും ദുർബലപ്പെടുത്തും. ഇത്തരം പ്രവണതകളെ നിയന്ത്രിക്കാതെയിരുന്നാൽ മറ്റുള്ളവരും ഇത് പിന്തുടരുമെന്നും അത് ഭരണഘടനയിലുള്ള നിയമവാഴ്ചയുടെയും അധികാര വിഭജനത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു.
ബില്ലുകൾ പിടിച്ചുവച്ച തമിഴ്നാട് ഗവർണർക്കെതിരെയുള്ള ഉത്തരവിലാണ് ഉപരാഷ്ട്രപതി സുപ്രീംകോടതിയെ രൂക്ഷമായി വിമർശിച്ചത്. സുപ്രീംകോടതിക്ക് സവിശേഷാധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ 142ാം അനുച്ഛേദം ജനാധിപത്യശക്തികൾക്ക് എതിരായ ആണവമിസൈലായി മാറിയിരിക്കുന്നുവെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം. എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി ‘സൂപ്പർ പാർലമെന്റ്’ ചമയുന്ന കാലം വിദൂരമല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് കോടതി നിർദേശം നൽകുന്നത് ?. രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്നയാളാണ് രാഷ്ട്രപതി. ഭരണഘടന സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്തയാളാണ്. അടുത്തിടെ ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിർദേശം നൽകിയിരിക്കുകയാണ്. നമ്മൾ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ആരെങ്കിലും ആ വിധി ചോദ്യം ചെയ്‌ത് ഹർജി സമർപ്പിക്കുമോ ഇല്ലയോയെന്ന കാര്യത്തിന് പ്രസക്തിയില്ല. നാളിത് വരെ നമ്മൾ ജനാധിപത്യത്തിനായി ആരോടും യാചിച്ചിട്ടില്ലെന്നും ജഗ്‌ദീപ് ധൻകർ പറഞ്ഞു.









0 comments