നടപടികൾ ചട്ടവിരുദ്ധം: അഴിമതിക്കേസ് റദ്ദാക്കണമെന്ന് ലാലുപ്രസാദ് യാദവ്

ന്യൂഡൽഹി : ജോലിക്ക് പകരം ഭൂമി വാങ്ങിയെന്ന് അവകാശപ്പെട്ട് സിബിഐ രജിസ്‌റ്റർ ചെയ്‌ത അഴിമതിക്കേസ് റദ്ദാക്കണമെന്നാവ്യപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. ഇതിനുള്ള ഹർജി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചു. എഫ്ഐആറും മൂന്ന് കുറ്റപത്രങ്ങളും റദ്ദാക്കണമെന്നാണ് ആർജെഡി അധ്യക്ഷന്റെ ആവശ്യം. അഴിമതി നിരോധന നിയമപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് സിബിഐ കേസ് എടുത്തതെന്നും അന്വേഷണവും പ്രോസിക്യൂഷനും ചട്ടവിരുദ്ധമാണെന്നും ലാലു ഹർജിയിൽ പറഞ്ഞു.
ഒരിക്കലും ആരംഭിക്കാൻ പാടില്ലാത്ത ഒരു അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്ന് ലാലുവിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. വിചാരണഘട്ടത്തിൽ വിചാരണക്കോടതിയിൽ ഇത് ഉന്നയിക്കാമെന്ന് ജസ്‌റ്റിസ് രവീന്ദർ ദുദേജ പറഞ്ഞു. എന്നാൽ ഹൈക്കോടതിയുടെ അധികാരപരിധി ഉപയോഗിച്ച് ഉടൻ നടപടികൾ സ്‌റ്റേ ചെയ്യണമെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സിബൽ പറഞ്ഞു. എന്നാൽ കേന്ദ്രറെയിൽമന്ത്രിയായിരിക്കേ ലാലു അധികാരദുർവിനിയോഗം നടത്തിയെന്നാണ് സിബിഐ വാദം. ഹർജി വീണ്ടും കോടതി പരിഗണിക്കും.









0 comments